തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത നിര്‍വഹിച്ചു

തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത നിര്‍വഹിച്ചു


തുരുത്തിക്കാട്: മാര്‍ത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടവക വികാരി റവ സജു ശാമുവേല്‍ സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇടവകയുടെ മുന്‍ വികാരികൂടിയായ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു

ഇതര സമൂഹങ്ങളെ ചേര്‍ത്ത് പിടിക്കുമ്പോഴാണ് കൃസ്തീയ ദൗത്യം പൂര്‍ണ്ണമാകുന്നതെന്നും അത്തരത്തിലുള്ള ചേര്‍ത്തുപിടിക്കലുകളുടെ അവസരങ്ങളാകണം ജൂബിലി ആഘോഷങ്ങളെന്നും അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത പറഞ്ഞു. തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരമുള്ള സ്‌നേഹവും കരുതലും പഴയതുപോലെ തുടുരുന്നുണ്ടോയെന്ന് ആത്മവിചിന്തനം ചെയ്യുന്നതിനുള്ള അവസരമാകണം ജൂബിലി എന്നും ജൂബിലി ആചരണങ്ങള്‍ സ്‌നേഹബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കി തീര്‍ക്കുന്നത് ആകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രണ്ടു ദശകങ്ങള്‍ക്ക് മുന്‍പ് താന്‍ തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയാരുന്ന കാലഘട്ടത്തിലെ സംഭവങ്ങളും അക്കാലത്ത് ഇതര സമൂഹങ്ങളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവകയായി തന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളും തിരുമേനി അനുസ്മരിച്ചു

ഇടവക ഡയറക്ടറിയുടെ പ്രകാശനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. മുന്‍ ഇടവകാംഗം കൂടിയായ മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ ഇടവകയുടെ മുന്‍ വികാരിമാര്‍ക്കും ഇടവകാംഗങ്ങളായ വൈദികര്‍ക്കുമുള്ള ഇടവകയുടെ ആദരവ് സമര്‍പ്പിച്ചു.

റവ. എം സി ജോണ്‍, റവ. ഡോ. പി ജി ജോര്‍ജ്ജ്, റവ. സ്റ്റീഫന്‍ മാത്യു, റവ. ഫാ. മനു സ്‌കറിയ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്‍സി അല്ക്‌സ്, ഗ്രാമപഞ്ചായത്ത് അംഗം ജോളി റെജി, എന്‍ എസ് എസ് കരയോഗം പ്രതിനിധിയും തുരുത്തിക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ എന്‍ പത്മകുമാര്‍, മോഹന്‍ ചാക്കോ, ആനിയമ്മ ജയിംസ്, ജോര്‍ജ് ജോസഫ് കാടമല, ബ്രിഗേഡിയര്‍ ഏലിയാമ്മ ഫിലിപ്പോസ്, ഷാജി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

കേരള പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ മികച്ച പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ക്കുളള കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് അഡ്വ. റെനി കെ ജേക്കബ്, ദ് വീല്‍ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലെ അഭിനയത്തിന് പ്രശസ്തമായ ബാര്‍സിലോണിയ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരം ലഭിച്ച ജിബു ജോര്‍ജ് തേരടിയില്‍, ലോക റോബോട്ടിക്‌സ് ഒളിപ്യാഡില്‍ ഉന്നത വിജയം നേടിയ കേരള സ്റ്റാര്‍ട്ട്പ്പ് കമ്പനിയായ യുണീക് വേള്‍ഡ് റോബോട്ടികസ് സിഇഒ ബെന്‍സണ്‍ തോമസ് ജോര്‍ജ്, യു എ ഇയിലെ മികച്ച അധ്യാപികക്കുള്ള പുരസ്‌കാരം ലഭിച്ച മെര്‍ലിന്‍ തങ്കം തരുണ്‍ എന്നീ ഇടവകാംഗങ്ങളേയും ഇടവകയിലെ ഈ വര്‍ഷം 80 വയസ് തികഞ്ഞവരേയും വിവാഹ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സുവര്‍ണ്ണ ദമ്പതികളേയും അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത പൊന്നാട അണിയിച്ചു ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടൂ, സണ്‍ഡേ സ്‌കൂള്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഇടവകാംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡും അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത വിതരണം ചെയ്തു.

2025 ഡിസംബര്‍ വരെ ഒരു വര്‍ഷത്തിലധികം നീണ്ടു നില്‍ക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആത്മീയ, സാമൂഹ്യ സാംസ്‌കാരിക നവോഥാന പരിപാടികള്‍ നടപ്പിലാക്കുമെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.