മിസ്സോറി സിറ്റി: ഒരുമയും (ഔര്‍ റിവര്‍സ്റ്റോണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍) ഉന്നത വിദ്യാഭ്യാസ പരിശീലന രംഗത്തെ പ്രമുഖരായ രാമാനാ സ്റ്റഡി ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ സാറ്റ് ഡയഗ്‌നോസ്റ്റിക് പരീക്ഷയും ശില്പശാലയും മിസ്സോറി സിറ്റിയിലുള്ള അപ്പന ബസാര്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
ചടങ്ങിന് മുന്നോടിയായി ഒരുമ പ്രസിഡണ്ട് ഡോ. ജോസ് തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാറ്റ് പരീക്ഷ മാര്‍ഗ്ഗരേഖകള്‍, ഉന്നത വിദ്യാഭ്യാസവും അമേരിക്കന്‍ തൊഴില്‍ സാധ്യതകളും തുടങ്ങിയ വിഷയങ്ങളില്‍ രാമാനാ ഗ്രൂപ്പ് ചെയര്‍മാന്‍ രാമാനാ അറ്റ്മകുരു പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ലൂണ വിക്ടര്‍ എല്ലാവര്‍ക്കും ചടങ്ങിലേക്ക് സ്വാഗതം നേര്‍ന്നു. ജോയിന്റ് സെക്രട്ടറി ലിസ്സി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിധു അജയ്, മാത്യു ചെറിയാന്‍, ഡിസ്നി ജോണ്‍, ജോണ്‍ ആന്റണി, മേരി ജേക്കബ്, സെബാസ്റ്റ്യന്‍ തോമസ്, മാത്യു ചാണ്ടപ്പിള്ള, പ്രസിഡന്റ് കൗണ്‍സിലിന് വേണ്ടി ജിന്‍സ് മാത്യു എന്നിവര്‍ ആശംസകളും സെക്രട്ടറി റോബി ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.
അച്ചടക്കത്തോടും അതിലുപരി ഏകാഗ്രതയോടും കൂടി മുന്ന് മണിക്കൂര്‍ നീണ്ടുനിന്ന സാറ്റ് മാതൃക പരീക്ഷ വിദ്യാര്‍ഥികള്‍ പൂര്‍ത്തിയാക്കി. ശില്പശാലയോടനുബന്ധിച്ചു രാമാനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി- രക്ഷാകര്‍തൃ സദസുമായി നടത്തിയ ആശയ സംവാദം ചടങ്ങിനെ മികവുറ്റതാക്കി. വിദ്യാര്‍ഥികളുമായി നടത്തിയ അഭിമുഖത്തിലൂടെ അവരില്‍ പുത്തനുണര്‍വും പുതു കാല്‍വെയ്പിന് തുടക്കവുമായത് നേതൃത്വത്തിന് ബോധ്യപ്പെട്ടു എന്ന് സംഘടനായോഗം വിലയിരുത്തി. ഒരു സംഘടനയെന്ന നിലയില്‍ ഒരുമയുടെ സമാഹരിക്കപ്പെടുന്ന മൂലധനത്തിന്റെ ഒരു ഭാഗം ഇത്തരം വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അഭിമാനപൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് ട്രഷറര്‍ അജി ജോസഫ്, ജോയിന്റ് ട്രഷറര്‍ ജോസഫ് തോമസ് ഹ്യുസ്റ്റണ്‍ എന്നിവര്‍ വ്യക്തമാക്കി. ഇതുപോലെയുള്ള മാതൃക പരീക്ഷകളും സംവാദങ്ങളും കലാലയ ജീവിതത്തിലേക്ക് നടന്നടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരളവുകോലും മാര്‍ഗനിര്‍ദേശവുമായി മാറും എന്ന് സമാപന പ്രസംഗത്തില്‍ ഡോ. ജോസ് തൈപ്പറമ്പില്‍ പ്രസ്താവിച്ചു.
നോര്‍ത്ത് കരോലിനയിലുള്ള നിരവധി സെന്റേഴ്‌സും കേറ്റിയിലും ഫ്രിസ്‌കോയിലും ഉള്ള രാമാനാ ഗ്രൂപ്പിന്റെ സ്റ്റഡി സെന്റേഴ്‌സും കൂടാതെ ഷുഗര്‍ലാന്റ് കേന്ദ്രമായി ഒരു സ്ഥാപനം തന്റെ ഒരു സ്വപ്‌നമാണെന്നു ചെയര്‍മാന്‍ രാമാനാ അറ്റ്മകുരു സമാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
