സിസ്റ്റര്‍ ജസ്റ്റിന മാത്യുവിന് എന്‍ക്യാപ്പ് ലെവല്‍ 6

സിസ്റ്റര്‍ ജസ്റ്റിന മാത്യുവിന് എന്‍ക്യാപ്പ് ലെവല്‍ 6


ഡാളസ്: സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സിസ്റ്റര്‍ ജസ്റ്റിന മാത്യു സി എസ് ജെ സേവന മികവിന്റെ പരമോന്നത അംഗീകാരമായ എന്‍ക്യാപ്പ് 2026 (നേഴ്‌സിംഗ് കരിയര്‍ അഡ്വവാന്‍സ്‌മെന്റ് പ്രോഗ്രാം) ലെവല്‍ 6 നേടുന്ന ആദ്യ നഴ്‌സായി. 2007ല്‍ നഴ്‌സിംഗ് സേവനം ആരംഭിച്ചതു മുതല്‍ അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവര്‍ ആന്മാര്‍ഥമായി പ്രവര്‍ത്തിച്ചു വരുന്നു. നഴ്‌സിംഗ് രംഗത്തെ തുടര്‍ച്ചയായ പഠനത്തിനും പ്രൊഫഷണല്‍ മികവിനും പ്രാധാന്യം നല്‍കിയ സിസ്റ്റര്‍ ജസ്റ്റിന മാത്യു 2026ല്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ നഴ്‌സിംഗ് ബിരുദവും പീഡിയാട്രിക്ക് നേഴ്‌സ് പ്രാക്ടീഷണര്‍ യോഗ്യതയും നേടി. കൂടാതെ മെറ്റേര്‍ണല്‍ ന്യൂബോണ്‍ നേഴ്‌സിംങ്ങ് സര്‍ട്ടിഫിക്കേഷനും ലാക്‌ടേഷന്‍ കണ്‍സള്‍ട്ടന്റ് സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്.

എന്‍ ക്യാപ്പ് കമ്മറ്റി സഹാധ്യക്ഷയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ ജസ്റ്റിന തന്റെ ജീവിത യാത്ര മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു. നിരന്തര പരിശ്രമവും ആന്മവിശ്വാസവും ഉണ്ടെങ്കില്‍ ഏതു ലക്ഷ്യവും കൈവരിക്കാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. 'എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും' എന്ന സന്ദേശമാണ് സിസ്റ്റര്‍ സഹപ്രവര്‍ത്തകര്‍ക്കും യുവ നഴ്‌സുമാര്‍ക്കും നല്‍കുന്നത്.

സഹപ്രവര്‍ത്തകരായ നഴ്‌സുമാരെ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകളിലേക്കും തൊഴില്‍ മികവിലേക്കും പ്രചോദിപ്പിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നു. തന്റെ നേട്ടങ്ങള്‍ ദൈവകൃപക്കും സഭക്കും സഹപ്രവര്‍ത്തകര്‍ക്കുമാണ് അവര്‍ സമര്‍പ്പിക്കുന്നത്.