കേരള സെന്ററിന്റെ നഴ്‌സിംഗ് ലീഡര്‍ഷിപ് അവാര്‍ഡ് 'നൈന' പ്രസിഡന്റ് സുജ തോമസിന്

കേരള സെന്ററിന്റെ നഴ്‌സിംഗ് ലീഡര്‍ഷിപ് അവാര്‍ഡ് 'നൈന' പ്രസിഡന്റ് സുജ തോമസിന്


നഴ്‌സിംഗ്  ലീഡര്‍ഷിപ്പിനുള്ള  ഈ വര്‍ഷത്തെ കേരള സെന്റര്‍ അവാര്‍ഡ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) പ്രസിഡന്റ് സുജാ തോമസിനു ലഭിച്ചു.  അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും വലിയ നഗരം മുതല്‍ വളരെ ചെറിയ പട്ടണങ്ങള്‍ വരെ എല്ലാ തരത്തിലുമുള്ള ആരോഗ്യപരിപാലന സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന ഇന്‍ഡ്യന്‍ വംശക്കാരായ നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കും ഔദ്യോഗിക വികസനത്തിനും അഭിഭാഷണത്തിനുള്ള അന്വര്‍ത്ഥമായ പ്രകടനമായിരുന്നു ഈ അവാര്‍ഡ്.  ദേശീയ തലത്തില്‍ ഇന്ത്യന്‍ വംശജരായ നഴ്‌സുമാരെ ഒരു കമ്മ്യൂണിറ്റിയെന്ന നിലയില്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സൗഹൃദാന്തരീക്ഷം പരിപോഷിപ്പിക്കാന്‍ ദേശീയ നേതൃത്വത്തിലൂടെ കഴിഞ്ഞ സുജ ഉന്നതവിദ്യാഭ്യാസം വഴി  നഴ്‌സുമാരുടെ ഔദ്യോഗിക നിലയും അതു വഴി ആരോഗ്യപരിപാലനത്തിന്റെ ഗുണ നിലവാരം ഉന്നതമാക്കുന്നതിനും നിരന്തരം  പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു നഴ്‌സ് ലീഡര്‍ അത്രേ.  ഒരു  നഴ്‌സ് എന്ന നിലയില്‍ സ്വന്തം പ്രൊഫെഷനോടുള്ള കാഴ്ചപ്പാട് വര്‍ധിപ്പിക്കുന്നതിനും ഇന്ത്യന്‍ നഴ്‌സുമാരുടെ അഭിവൃദ്ധിക്കും സമൂഹത്തിന്റെ തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി സ്വയം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന സുജ തോമസിനു ലഭിച്ച കേരള സെന്റര്‍ അവാര്‍ഡ് തികച്ചും യുക്തം.

വിദേശത്തു പഠിച്ച നഴ്‌സുമാരുടെ വിദ്യാഭ്യാസം അവലോകനം ചെയ്ത് അംഗീകരിക്കുന്ന സി ജി എഫ് എന്‍ എസിന്റെ അലയന്‍സ് ഫോര്‍ എത്തിക്കല്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗം കൂടിയാണ് സുജ തോമസ്. ഈ നിലയില്‍ സുജ  നഴ്‌സിങ്ങിലും  അനുബന്ധ പ്രൊഫഷനലുകളിലുമുള്ള പന്ത്രണ്ടു പ്രഗത്ഭരായ പ്രൊഫെഷണല്‍മാരോടൊപ്പം ഉത്തരവാദിത്വപൂര്‍ണ്ണവും സുതാര്യവുമായ വിധം വിദേശത്തുനിന്ന് അമേരിക്കയിലേക്കുള്ള നിയമന സംവിധാനം രൂപപ്പെടുത്തുന്നതിന് ഉത്തരവാദിയാണ്.   ഗവേഷണത്തിലധിഷ്ഠിതമായ അറിവു വഴി വിദേശത്തു നിന്ന് അമേരിക്കയില്‍ എത്താന്‍  ശ്രമിക്കുന്ന പതിനായിരക്കണക്കിനു  നഴ്സുമാര്‍ക്കും ബന്ധപ്പെട്ട പ്രൊഫഷനലുകള്‍ക്കും ഉപാകാരപ്രദവും അമേരിക്കയുടെ ആരോഗ്യപരിപാലനരംഗത്തിനു ഗുണകരവുമായ വികസനങ്ങള്‍ വരുത്തുന്നതിന് സി ജി എഫ് എന്‍ എസിനെ സജ്ജമാക്കുകയാണ് ഗവര്‍ണേഴ്സ് ബോര്‍ഡിലൂടെ സുജ തോമസ്.    നൈനയുടെ പ്രസിഡന്റ് സാരഥ്യത്തില്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ദേശീയ തലത്തില്‍ ഷിക്കാഗോയിലും  ന്യൂ യോര്‍ക്ക് ആള്‍ബനിയിലും വിജയകരമായി സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിക്കുകയുണ്ടായി.   വൈസ് പ്രസിഡന്റ് കമല ഹാരിസ്, സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി, ന്യൂ യോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോകുള്‍ എന്നിവരുടെ പ്രതിപത്തിയും ആശംസകളും നേടാന്‍ ഈ സമ്മേളനങ്ങളുടെ നേതൃത്വത്തിലൂടെ സുജയ്ക്കു കഴിഞ്ഞു.

ആള്‍ബനിയിലെ സാമുവേല്‍ സ്ട്രാട്ടന്‍ വി എ മെഡിക്കല്‍ സെന്ററില്‍ ക്ലിനിക്കല്‍ ലീഡ്/അഡ്മിനിസ്‌ട്രേറ്റര്‍ ആയി സേവനമനുഷ്ഠിക്കുന്ന സുജ മംഗളൂരിലെ ഫാ. മുള്ളേഴ്സ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബിരുദം നേടി.   ന്യൂ യോര്‍ക്ക് ട്രോയ് റസ്സല്‍ സേജ് കോളേജില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദവും അഡള്‍ട് ജെറോന്റോളോജി പ്രൈമറി കെയര്‍ നഴ്‌സ് പ്രാക്ടീഷണര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.    മിന്നെസോട്ട മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി വഴി വൂണ്ട്, ഓസ്റ്റമി, കോണ്ടിനെന്‍സ് നേഴ്‌സ് ആയി അമേരിക്കന്‍ നാഷണല്‍ ക്രെഡന്ഷ്യലിംഗ് സെന്ററിന്റെ സര്‍ട്ടിഫിക്കറ്റും സുജ തന്റെ ബിരുദങ്ങളില്‍ ചേര്‍ത്തു.    മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷനില്‍ അസിസ്റ്റന്റ് ലെക്ച്ചറര്‍ ആയി പഠിപ്പിച്ച സുജ ഇപ്പോള്‍ അവിടെയും ആള്‍ബനിയിലെ മരിയ കോളേജിലും   ആഡ്ജംക്ട് ഫാക്കല്‍റ്റിയായി തുടരുന്നു. ഇപ്പോള്‍ പി എച് ഡി ബിരുദത്തിനുള്ള തയ്യാറെടുപ്പിന്റെ മധ്യത്തിലാണ്.   കമ്മ്യൂണിറ്റി സേവനത്തെയും വിശിഷ്ടമായ അക്കാദമിക് പ്രകടനത്തെയും വിലമതിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി അറ്റ് ബഫലോ സുജയ്ക്ക് 2024-25 അക്കാദമിക് വര്‍ഷത്തെ ആര്‍തര്‍ അല്‍ഫോന്‍സോ ഷോംബര്‍ഗ് ഫെല്ലോഷിപ്പ് നല്‍കി ബഹുമാനിക്കുകയുണ്ടായി.   വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഡ്ജംക്ട് ഫാക്കല്‍റ്റിയായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ശിക്ഷണം നല്കുമ്പോളും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും മെച്ചപ്പെട്ട ഫലമുണ്ടാക്കുന്ന നഴ്‌സിംഗ് ഇടപെടലുകളാണ് സുജ മുന്നില്‍ കാണുന്നത്.  

ദി നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക ഈ രാജ്യത്തെ പന്തീരായിരം മുതല്‍ പതിനയ്യായിരം വരെ വരുന്ന ഇന്ത്യന്‍ നഴ്‌സുമാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഏക ദേശീയ സംഘടനയാണ്. അതിന്റെ ദര്‍ശനമാകട്ടെ ഇന്‍ഡ്യന്‍ നഴ്‌സുമാരുടെ മഹത്തരമായൊരു കമ്മ്യൂണിറ്റിയെ സൃഷ്ടിക്കുകയെന്നതും. സംഘടനയുടെ അംഗത്വം വഴി അതിലെ ഓരോ വ്യക്തിക്കും പലവിധ പ്രയോജനങ്ങളാണ് ലഭ്യമാകുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നൈനയുടെ ചാപ്റ്ററുകള്‍ സജീവമാണ്. അതാതു സംസ്ഥാനത്തെ അല്ലെങ്കില്‍ റീജിയണിലെ ചാപ്റ്ററില്‍ ചേരുന്നതും കഴിവും സമയവുമനുസരിച് പ്രവര്‍ത്തിക്കുന്നതും വ്യക്തിപരമായ പ്രൊഫെഷണല്‍ അഭിമാനം നല്‍കുക മാത്രമല്ല ആരോഗ്യപരിപാലന രംഗത്ത് നഴ്‌സിങ്ങിന്റെ സ്വാധീനത്തെ വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. എല്ലാ ഇന്ത്യന്‍ നഴ്‌സുമാരും നൈനയുടെ അംഗങ്ങളാകാന്‍ സുജ ആഹ്വാനം ചെയ്യുന്നു. മുപ്പത്തിരണ്ടു വര്‍ഷക്കാലത്തെ നഴ്‌സിംഗ് പ്രാക്ടീസ്. വേദനയും വിഷമവുമായി ചികിത്സതേടിവന്ന് ഒരു നേഴ്‌സ് എന്ന നിലയില്‍ അനുകമ്പയോടെ സ്പര്ശനം ലഭിച്ച് ആശ്വാസം നേടിയ രോഗികള്‍ എത്രയെന്ന് ഊഹിക്കാന്‍ വിഷമം. അവരുടെ ആശ്വാസത്തിന്റെ നിശ്വാസം, വേദനയില്‍ നിന്നുള്ള മുക്തി, രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തു വിട പറയുമ്പോളുള്ള നന്ദി പ്രകടനം, അവരുടെ പ്രിയപ്പെട്ടവരുടെ സന്തോഷം, അവരുടെ തൃപ്തിക്കു സംഭാവന ചെയ്തതിന്റെ ആല്മസംതൃപ്തി - നഴ്‌സിംഗ് എന്നത് ഒരു ജോലിയെക്കാള്‍ ഒരു നിയോഗമാണ്. കുഞ്ഞെന്നോ വലുതെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ, നിറത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ ഭാഷയുടെയോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും അനുകമ്പയോടെ, നിരുപാധികം സഹായിക്കാന്‍ തൊഴിലിനോടൊപ്പമുള്ള ഒരു നിയോഗം - സുജ പറയുന്നു.
നഴ്‌സിംഗ് ലീഡര്‍ഷിപ്പ് അവാര്‍ഡിനോടൊപ്പം സുജയ്ക്കു സെനറ്റര്‍ കെവിന്‍ തോമസില്‍നിന്നും ടൌണ്‍ ഓഫ് ഹെമ്പ്സ്റ്റഡില്‍ നിന്നും ന്യൂ യോര്‍ക്ക് അസ്സെംബ്ലി വുമന്‍ മിഷേല്‍ സോളജിസില്‍ നിന്നും പ്രൊക്ലമേഷനുകളും ലഭിച്ചു.