പത്മ പുരസ്‌കാര നിറവില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍

പത്മ പുരസ്‌കാര നിറവില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍


വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യയുടെ 2026ലെ പത്മ പുരസ്‌കാര പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ ഇടംപിടിച്ചു. ടെന്നീസ് ഇതിഹാസം വിജയ് അമൃതരാജ്, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. നോറി ദത്തത്രേയുഡു, ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. പ്രതീക് ശര്‍മ എന്നിവരാണ് ആദരിക്കപ്പെട്ടവര്‍.

വിജയ് അമൃതരാജ് (പത്മഭൂഷണ്‍): ഇന്ത്യന്‍ ടെന്നീസിനെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ താരം. 16 സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ഡേവിസ് കപ്പില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. നിലവില്‍ അമേരിക്കയില്‍ പ്രശസ്തനായ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്ററാണ്. നേരത്തെ പത്മശ്രീയും ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിം ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡോ. നോറി ദത്തത്രേയുഡു (പത്മഭൂഷണ്‍): ക്യാന്‍സര്‍ ചികിത്സാരംഗത്തെ ലോകപ്രശസ്തനായ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്. ആന്ധ്രാപ്രദേശ് സ്വദേശിയായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ കണ്‍സള്‍ട്ടന്റായും യു എസ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കല്‍ ട്രയല്‍സ് ഇന്‍വെസ്റ്റിഗേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡോ. പ്രതീക് ശര്‍മ (പത്മശ്രീ): വൈദ്യശാസ്ത്ര രംഗത്തെ മികച്ച സംഭാവനകള്‍ക്കാണ് ഇദ്ദേഹത്തിന് പുരസ്‌കാരം. ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവ നേരത്തെ കണ്ടെത്തുന്നതിനും അത്യാധുനിക എന്‍ഡോസ്‌കോപ്പിക് ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിനും ഇദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്.