കുവൈത്ത് ദുരന്തത്തില്‍ മരണമഞ്ഞവര്‍ക്ക് ട്രിനിറ്റി മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ അനുശോചനം

കുവൈത്ത് ദുരന്തത്തില്‍ മരണമഞ്ഞവര്‍ക്ക് ട്രിനിറ്റി മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ അനുശോചനം


ഹൂസ്റ്റണ്‍: കുവൈത്തില്‍ കഴിഞ്ഞ ദിവസം പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ചു മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം അത്യന്തം വേദനാജനകവും നടുക്കം സൃഷ്ടിക്കുന്നതുമായിരുന്നുവെന്നും മരണമടഞ്ഞ 50 പേരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ യുവജന സഖ്യം. ദുരന്തത്തില്‍ 23 മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ജൂണ്‍ 16ന് ഞായറാഴ്ച ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ ആരാധനക്ക് ശേഷം ഇടവക വികാരി റവ. സാം കെ ഈശോ അസിസ്റ്റന്റ് വികാരി റവ. ജീവന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടിയ സഖ്യം മീറ്റിംഗില്‍ സെക്രട്ടറി വിജു വര്‍ഗീസ് ഈ വന്‍ ദുരന്തത്തില്‍ മരിച്ച വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുവാനായി യുവജനസഖ്യമായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അന്ന് നടന്ന ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിലെ ആരാധന മധ്യേയും ഇടവകയുടെ അനുശോചനം വികാരി റവ. സാം കെ ഈശോ അറിയിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.