തിരുവനന്തപുരം: കാലിഫോർണിയ ആസ്ഥാനമായ വ്യവസായ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ പാനറ്റോണിയും കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനം എടയാർ സിങ്ക് ലിമിറ്റഡും ചേർന്ന് കൊച്ചിയിലെ എടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ ?800 കോടി മൂല്യത്തിലുള്ള ഗ്രേഡ് അ+ ഇൻഡസ്ട്രിയൽ ആൻഡ് ലോജിസ്റ്റിക്‌സ് പാർക്ക് വികസിപ്പിക്കാൻ ധാരണയായി.
കെഎൽഐസി (Kerala Logistics and Industrial Ctiy) എന്ന എടയാർ സിങ്കിന്റെ വ്യവസായ നവീകരണ ദൗത്യത്തിന്റെ ഭാഗമായാണ് പാനറ്റോണിയുടെ കേരളത്തിലെ ആദ്യ പദ്ധതി. ധാരണാപത്രം പാനറ്റോണി ഇന്റർനാഷണൽ പ്രോജക്ട് മാനേജിങ് ഡയറക്ടർ നോർബർട്ട് സുമിസ്ലാവ്‌സ്‌കിയും, എടയാർ സിങ്ക് എംഡി മുഹമ്മദ് ബിസ്മിത്തും ഒപ്പുവെച്ചു. വ്യവസായ മന്ത്രി പി. രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി വിഷ്ണുരാജ് പി, കിൻഫ്ര എംഡി സന്തോഷ് കോശി എന്നിവർ സന്നിഹിതരായിരുന്നു.
180 ഏക്കറിൽ വിഭാവന ചെയ്ത കെഎൽഐസിയിലെ ആദ്യഘട്ട പദ്ധതിയായ പാനറ്റോണി പാർക്ക് 20 ഏക്കറിൽ 5.2 ലക്ഷം ചതുരശ്ര അടിയിലധികം അടിസ്ഥാന സൗകര്യങ്ങളോടെയായിരിക്കും. 12 മീറ്റർ ക്ലിയർ ഹൈറ്റ്, എഫ്എം2 ഗ്രേഡ് ഫ്‌ളോർ, 5 ടൺ/ചതുരശ്ര മീറ്റർ ലോഡിംഗ് ശേഷി, ഐജിബിസി സർട്ടിഫൈഡ് സുസ്ഥിര ഡിസൈൻ തുടങ്ങിയ സവിശേഷതകളോടുകൂടിയ ഈ പാർക്ക് കേരളത്തിലെ ലോജിസ്റ്റിക്‌സ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഇകൊമേഴ്‌സ്, എഫ്എംസിജി, 3പിഎൽ, ഫാർമസ്യൂട്ടിക്കൽ മേഖലകളാണ് ലക്ഷ്യം.
പദ്ധതിയുടെ നിർമ്മാണം 2026 ഫെബ്രുവരിയിൽ ആരംഭിച്ച് 2027 ഫെബ്രുവരിയോടെ പ്രവർത്തനം തുടങ്ങും. 'ലോകോന്നത നിലവാരമുള്ള സുസ്ഥിര ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,' എന്ന് സുമിസ്ലാവ്‌സ്‌കി പറഞ്ഞു.
'പാനറ്റോണിയുടെ വരവോടെ കേരളത്തിലെ ലോജിസ്റ്റിക്‌സ് മേഖലക്ക് പുതിയ ഉയരമാണ് ലഭിക്കുക,' എന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. നിക്ഷേപകരെ സഹായിക്കാൻ നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാനറ്റോണി സിഎഫ്ഒ രാജീവ് സിൻഹ പറഞ്ഞു: 'ഇന്ത്യ ഞങ്ങളുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നാണ്. എടയാർ സിങ്കിനെയും കേരള സർക്കാരിനെയും പങ്കാളികളാക്കുന്നത് നമ്മുടെ ദീർഘകാല വളർച്ചയുടെ തെളിവാണ്.' കൊച്ചിയുടെ ഭൗമസ്ഥാനം, കണക്ടിവിറ്റി, വ്യവസായ പൈതൃകം തുടങ്ങിയവ പദ്ധതിക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50ലധികം വ്യവസായ യൂണിറ്റുകളും 5,000 തൊഴിൽ അവസരങ്ങളും, ?1,500 കോടി കവിഞ്ഞ നിക്ഷേപവും പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നതായി ബിസ്മിത്ത് വ്യക്തമാക്കി. കെഎൽഐസിയുടെ ഭാവി വികസനങ്ങളിൽ ഗ്ലോബൽ മെഷീനറി, ഇക്വിപ്പ്‌മെന്റ് ആൻഡ് ടെക്‌നോളജി (ജിഎംഇടി) കോറിഡോർ, ഇൻഡസ്ട്രിയൽ ഗാല തുടങ്ങിയവ ഉൾപ്പെടും.
പാനറ്റോണി ഗ്രൂപ്പ്, ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊന്നായി, 20ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. 2022ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.
കൊച്ചിയിൽ 800 കോടിയുടെ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്‌സ് പാർക്ക്
