പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 243 നിയോജകമണ്ഡലങ്ങളില്‍ 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 45,341 ബൂത്തുകളിലാണ് വോട്ടെടുപ്പ്, അതില്‍ ഭൂരിഭാഗവും (36,733) ഗ്രാമപ്രദേശങ്ങളിലാണ്. വൈകിട്ട് 5 മണിവരെയാണ് വോട്ടെടുപ്പ്.
ഈ ഘട്ടം മഹാഗഠ്ബന്ധന് (മഹാസഖ്യം) നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. 2020ലെ തെരഞ്ഞെടുപ്പില്‍ ഇവയില്‍ 63 മണ്ഡലങ്ങള്‍ മഹാഗഠ്ബന്ധന് അനുകൂലമായിരുന്നു. ബിജെപി-ജെഡി(യു) സഖ്യം 55 സീറ്റുകളാണ് അന്ന് നേടിയത്.
രണ്ടു മുന്നണികളിലുമുള്ള ചെറിയ പാര്‍ട്ടികള്‍ക്കും ഈ ഘട്ടം നിര്‍ണായകമാണ്. സിപിഐ(എം.എല്‍) മത്സരിക്കുന്ന 20 സീറ്റുകളില്‍ 10 എണ്ണം ഈ ഘട്ടത്തിലാണുള്ളത്. ഇവയില്‍ 6 സീറ്റുകളിലാണ് പാര്‍ട്ടിക്ക് നിലവില്‍ പ്രാതിനിധ്യമുള്ളത്. എന്‍.ഡി.എയില്‍ ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ് പാസ്വാന്‍) മത്സരിക്കുന്ന 29 സീറ്റുകളില്‍ 10 എണ്ണം ആദ്യഘട്ടത്തിലാണുള്ളത്. ഇവയില്‍ ഒറ്റ സീറ്റിലാണ് പാര്‍ട്ടിക്ക് നിലവില്‍ സ്ഥാനം. സീറ്റ് വിഭജനത്തില്‍ എല്‍ജെപി(ആര്‍.വി)ക്ക് അനുപാതാതീതമായ പ്രാതിനിധ്യം നല്‍കിയതില്‍ ജെഡി(യു) ഉള്‍പ്പെടെയുള്ള എന്‍.ഡി.എ കൂട്ടാളികള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രമുഖരായ നേതാക്കള്‍ നിരവധി പേര്‍ രംഗത്തുണ്ട്. പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് ഉള്‍പ്പെടെ ബിജെപി, ജെഡി(യു) എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള പന്ത്രണ്ടിലധികം മന്ത്രിമാരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ എന്നിവരും മത്സരരംഗത്തുണ്ട്.
ജനപ്രിയ യുവഗായിക മൈഥിലി ഠാകൂര്‍ (ബിജെപി - ആലിഗഞ്ച്), ഭോജ്പുരി സിനിമാതാരങ്ങളായ ഖേസാരി ലാല്‍ യാദവ് (ആര്‍ജെഡി - ഛപ്ര), ഋതേഷ് പാണ്ഡേ (ജനസുരാജ് പാര്‍ട്ടി - കാര്‍ഗഹര്‍) എന്നിവരും ആദ്യഘട്ടത്തില്‍ മത്സരിക്കുന്നവരില്‍പ്പെടുന്നു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് തുടക്കം; 3.75 കോടി വോട്ടര്‍മാര്‍ ബൂത്തിലേക്ക്
