വാഷിംഗ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുള്ള സര്‍ക്കാര്‍ അടച്ചുപൂട്ടല്‍(Shutdown) വ്യോമയാന മേഖലയില്‍ ഉണ്ടാക്കിയ ആഘാതം കൂടുതല്‍ ഗുരുതരമാകുന്നു. വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ 40 പ്രധാന വിമാനത്താവളങ്ങളില്‍ വിമാന ഗതാഗതം 10 ശതമാനം കുറയ്ക്കുമെന്ന് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA)അറിയിച്ചു. ഇതോടെ ദിവസേന ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെടാനാണ് സാധ്യത.
ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് FAA അഡ്മിനിസ്‌ട്രേറ്റര്‍ ബ്രയന്‍ ബെഡ്‌ഫോര്‍ഡ്, ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി എന്നിവര്‍ ഈ തീരുമാനത്തെ കുറിച്ച് വിശദീകരിച്ചത്. ബാധിക്കപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.
'നമ്മുടെ ഏക ലക്ഷ്യം എയര്‍സ്‌പെയ്‌സ് പരമാവധി സുരക്ഷിതമായി നിലനിര്‍ത്തുകയാണ്. 40 സ്ഥലങ്ങളില്‍ ശേഷി കുറയ്‌ക്കേണ്ടതായി വന്നു. ഇത് ചെറിയ യാത്രാ കേന്ദ്രങ്ങളല്ല, കൂടുതല്‍ സമ്മര്‍ദ്ദമുള്ള ഭാഗങ്ങളിലാണ് മാറ്റം വരുന്നത്,' ബെഡ്‌ഫോര്‍ഡ് വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം പറഞ്ഞതുപോലെ, അടച്ചുപൂട്ടല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചില പ്രദേശങ്ങളിലെ എയര്‍സ്‌പെയ്‌സ് പൂര്‍ണ്ണമായി അടയ്‌ക്കേണ്ടി വരുമെന്ന് ഈയാഴ്ച ആദ്യം ഡഫി നല്‍കിയ മുന്നറിയിപ്പിനുശേഷമാണ് നടപടി. FAAയും ഗതാഗത വകുപ്പും ചേര്‍ന്ന് സ്വീകരിക്കുന്ന ഈ നീക്കം, ഏജന്‍സിയുടെ ചരിത്രത്തിലെ മുന്‍നിരയിലെ അഭൂതപൂര്‍വ്വമായ നടപടിയായി ബെഡ്‌ഫോര്‍ഡ് വിലയിരുത്തി.
35 വര്‍ഷത്തെ തന്റെ സേവനകാലത്ത് ഇത്രയും വലിയ തോതില്‍ പ്രവര്‍ത്തനം കുറച്ചത് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിമാന സര്‍വീസുകള്‍ കുറയ്ക്കുന്നത് മുന്‍കരുതലായാണ് നടപ്പാക്കുന്നതെന്നും നിലവിലെ ജീവനക്കാരുടെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും ഡഫി വ്യക്തമാക്കി. 'ദേശീയ എയര്‍സ്‌പെയ്‌സിലെ അപകടസാധ്യത കുറയ്ക്കാനുള്ള നടപടിയാണ് ഇത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സുരക്ഷാപ്രശ്‌നങ്ങള്‍ വലുതായി പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് തന്നെ പ്രാരംഭ സൂചനകളെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഇടപെടുകയാണ്. ഇപ്പോഴും വ്യോമയാന സംവിധാനം സുരക്ഷിതമാണ്; നാളെയും അതുപോലെ തുടരും.' ബെഡ്‌ഫോര്‍ഡ് വിശദീകരിച്ചു.
എല്ലാ എയര്‍ലൈന്‍സുകളും കൃത്യമായ അനുപാതത്തില്‍ പറക്കലുകള്‍ കുറയ്ക്കുമെന്നും, പൂര്‍ണ്ണമായ പരിഹാരം ഇല്ലെങ്കിലും നീതിയുക്തമായ രീതിയില്‍ നടപടി നടപ്പാക്കുമെന്നും FAA വ്യക്തമാക്കി. ദിവസേന വിമാനങ്ങള്‍ പറത്താത്ത എയര്‍ലൈന്‍സുകള്‍ക്കായിരിക്കും ചില ഇളവുകള്‍ ലഭ്യമാക്കുന്നതെന്ന് ഏജന്‍സി സൂചിപ്പിച്ചു.
'ഫെഡറല്‍ സര്‍ക്കാരുമായി ചേര്‍ന്ന് വിശദാംശങ്ങള്‍ വിലയിരുത്തുകയാണ്. യാത്രക്കാരും ചരക്ക് അയക്കുന്നവരും നേരിടുന്ന പ്രത്യാഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് അമേരിക്കയിലെ പ്രധാന എയര്‍ലൈന്‍സുകള്‍ ഉള്‍പ്പെടുന്ന Airlines for America എന്ന ട്രേഡ് സംഘടന പ്രസ്താവനയിലൂടെ പറഞ്ഞു.
FAAയുടെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് അറിയിച്ചു.
ഷട്ട്ഡൗണ്‍ മൂലം യു.എസ്. വിമാനത്താവളങ്ങളില്‍ ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുന്നു; വെള്ളിയാഴ്ച മുതല്‍ നിയന്ത്രണം
