മെക്‌സിക്കോ സിറ്റി: തെരുവില്‍ പൊതുജനങ്ങളുമായി സംസാരിക്കുന്നതിനിടെ തനിക്കുനേരെ ലൈംഗിക അതിക്രമശ്രമം നടന്നതായി മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബൗം അറിയിച്ചു. നാഷനല്‍ പാലസിനു സമീപം ചൊവ്വാഴ്ചയാണ് സംഭവം.
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, ഷെയിന്‍ബൗം ആരാധകരുമായി സംസാരിക്കുമ്പോള്‍ ഒരു പുരുഷന്‍ പിന്നില്‍ നിന്ന് വന്ന് അവരെ കഴുത്തില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നതും ശരീരത്തില്‍ സ്പര്‍ശിക്കുന്നതും കാണാം. ഷെയിന്‍ബൗം ഉടന്‍ തന്നെ മാറിനില്‍ക്കുകയും, സംഘത്തിലെ ഒരാള്‍ ഇടപെടുകയും ചെയ്തു. പ്രതിയെ ഉടന്‍തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
'ഞാന്‍ പരാതിപ്പെടുന്നില്ലെങ്കില്‍ മറ്റു സ്ത്രീകള്‍ക്ക് എന്ത് പ്രതീക്ഷിക്കാനാകും? പ്രസിഡന്റിനോട് പോലും ഇങ്ങനെ പെരുമാറുന്നുണ്ടെങ്കില്‍, സാധാരണ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയുണ്ട്?' എന്ന് ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷെയിന്‍ബൗം ചോദിച്ചു.
'ഞാന്‍ ഈ കേസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചു. കാരണം, ഇത് ഒരു സ്ത്രീ എന്ന നിലയില്‍ എന്നെ ബാധിച്ച അനുഭവമാണ്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഇതുപോലുള്ള അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്,' അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതി കൂട്ടത്തില്‍ മറ്റുപല സ്ത്രീകളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. 'ഒരു അതിര്‍വരയിടേണ്ട സമയമാണ് ഇതെന്ന് ഷെയിന്‍ബൗം പറഞ്ഞു.
സംഭവം മെക്‌സിക്കോ സമൂഹത്തിലെ ഉറച്ച പുരുഷാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്ന് സ്ത്രീ അവകാശ പ്രവര്‍ത്തകരും ഫെമിനിസ്റ്റ് സംഘടനകളും അഭിപ്രായപ്പെട്ടു. 'പ്രസിഡന്റിനെ പോലും ആക്രമിക്കാന്‍ ധൈര്യപ്പെടുന്ന പുരുഷാധിപത്യ സംസ്‌കാരം തന്നെ ഇവിടെ നിലനില്‍ക്കുന്നു,' എന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
മെക്‌സിക്കോയില്‍ ഫെമിനിസൈഡ് എന്ന പേരില്‍ സ്ത്രീകളെ ലക്ഷ്യമാക്കി നടക്കുന്ന കൊലപാതകങ്ങള്‍ വ്യാപകമാണ്. ഇതില്‍ 98 ശതമാനം കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നുവെന്നാണ് കണക്ക്. ഈ വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച ഷെയിന്‍ബൗമിന്റെ ഭരണകാലത്തും ഇതുവരെ കാര്യമായ പുരോഗതി കാണാനായിട്ടില്ല.
സംഭവം രാഷ്ട്രീയനേതാക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണുണ്ടായത്. മുന്‍ പ്രസിഡന്റ് ആന്ദ്രസ് മാനുവല്‍ ലോപസ് ഒബ്രാഡോറിന്റെ മാതൃകപോലെ ജനങ്ങളുമായി നേരിട്ടു ഇടപെടുന്ന രീതി ഷെയിന്‍ബൗം തുടരുകയാണ്. അതിന് ചില സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെങ്കിലും താന്‍ ഈ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് അവര്‍ വ്യക്തമാക്കി.
സംഭവത്തിന് ഏതാനും ദിവസം മുമ്പ് മിച്ചോവാക്കന്‍ സംസ്ഥാനത്തെ ഉറുവാപാന്‍ മേയര്‍ കാര്‍ലോസ് മാന്‍സോയെ ഡേ ഓഫ് ദ ഡെഡ് ആഘോഷത്തിനിടെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി 35 സ്ഥാനാര്‍ഥികളെയാണ് മെക്‌സിക്കോയില്‍ കൊലപ്പെടുത്തിയതെന്നത് അവിടെ രാഷ്ട്രീയരംഗത്തെ അതിക്രമത്തിന്റെ ഭീകരതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
പ്രസിഡന്റായ ശേഷം രാജ്യത്തെ സുരക്ഷാ നില മെച്ചപ്പെടുത്തുന്നതില്‍ ഷെയിന്‍ബൗം ചില പുരോഗതികള്‍ കൈവരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഫെന്റനില്‍ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു- ഇത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രധാന ആവശ്യമായിരുന്നു.
മെക്‌സിക്കന്‍ പ്രസിഡന്റ ക്ലോഡിയ ഷെയിന്‍ബൗമിനെ തെരുവില്‍ വെച്ച് ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
