ന്യൂയോര്‍ക്ക്: നിര്‍മിതബുദ്ധി (എഐ) രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചതോടെ കമ്പനിയുടെ വിപണിമൂല്യം രണ്ട് ലക്ഷം കോടി ഡോളര്‍ (2 ട്രില്യണ്‍ ഡോളര്‍) കടന്നു.
നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരികള്‍ ആദ്യദിനം തന്നെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) വിലയേക്കാള്‍ 34 ശതമാനത്തോളം ഉയര്‍ന്നു. ഓഹരിയൊന്നിന് 83 ഡോളര്‍ എന്ന നിരക്കിലായിരുന്നു ഐപിഒ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഓഹരിവില 111.50 ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ വിപണിമൂല്യം അതിവേഗം രണ്ട് ലക്ഷം കോടി ഡോളറിന് മുകളിലെത്തി.
നാസ്ഡാക്കില്‍ ANT എന്ന ചിഹ്നത്തിലാണ് ആന്ത്രോപിക് വ്യാപാരം ആരംഭിച്ചത്. ഐപിഒയിലൂടെ 98 കോടി ഓഹരികളാണ് കമ്പനി വിറ്റഴിച്ചത്. ഇതില്‍ ഭൂരിഭാഗവും കമ്പനി പുതുതായി പുറത്തിറക്കിയ ഓഹരികളായിരുന്നു. ശേഷിക്കുന്നവ നിലവിലുള്ള ഓഹരി ഉടമകളുടേതും. ഓഹരിയൊന്നിന് 83 ഡോളര്‍ നിരക്കില്‍ ഏകദേശം 8100 കോടി ഡോളറാണ് ഇതിലൂടെ സമാഹരിച്ചത്. ജൂണില്‍ ഓഹരി വിപണിയിലെത്തിയ സ്‌പേസ് എക്‌സിന്റെ ഐപിഒ സമാഹരണത്തെയും മറികടക്കുന്നതാണ് ഈ നേട്ടം. അഞ്ച് വര്‍ഷം മുമ്പ് ഓപ്പണ്‍ എഐയില്‍നിന്ന് പുറത്തുപോയ ഒരു സംഘം ഗവേഷകര്‍ ചേര്‍ന്നാണ് ആന്ത്രോപിക് സ്ഥാപിച്ചത്. കമ്പനിയുടെ പ്രധാന നിര്‍മിതബുദ്ധി സംവിധാനമായ ക്ലോഡ് ഇതിനകം ശാസ്ത്രഗവേഷണ മേഖലയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡാരിയോ അമോദെയ് പറഞ്ഞു. വൈദ്യശാസ്ത്ര ഗവേഷണവും രോഗചികിത്സാ രംഗത്തെ പുരോഗതിയും വേഗത്തിലാക്കാന്‍ എഐയ്ക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം സുരക്ഷയ്ക്കും മനുഷ്യന്റെ നിയന്ത്രണത്തിനും പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ടുതന്നെ വന്‍വിജയം നേടുന്ന കമ്പനിയായി ആന്ത്രോപിക്കിന് മാറാനായാല്‍ അത് ഈ മേഖലയിലെ മറ്റ് കമ്പനികള്‍ക്കും മാതൃകയാകുമെന്നും അമോദെയ് പറഞ്ഞു.
എഐ വ്യവസായത്തിന്റെ വളര്‍ച്ചയുടെ വേഗം സുരക്ഷാ സംവിധാനങ്ങള്‍ക്കനുസൃതമായി നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യബുദ്ധിയുടെ സഹായത്തോടെ പ്ലേഗ്, വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങളെ ലോകത്തിന്റെ വലിയൊരു ഭാഗത്തുനിന്ന് തുടച്ചുനീക്കാന്‍ കഴിഞ്ഞതുപോലെ, എഐയുടെ സഹായത്തോടെ മറ്റ് രോഗങ്ങള്‍ക്കെതിരായ ഗവേഷണവും ചികിത്സയും വേഗത്തിലാക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഓഹരി വിപണിയിലെ ആദ്യദിനത്തെ ആവേശം ദീര്‍ഘകാലം നിലനിര്‍ത്താന്‍ ആന്ത്രോപിക്കിന് കഴിയുമോയെന്നതാണ് ഇനി പ്രധാന ചോദ്യം. ജൂണില്‍ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച സ്‌പേസ് എക്‌സിന്റെ അനുഭവം ഇതിന് ഉദാഹരണമാണ്. ആദ്യദിനം ഓഹരിവില 30 ശതമാനം വരെ ഉയരുകയും വ്യാപാരം അവസാനിക്കുമ്പോള്‍ 19.2 ശതമാനം നേട്ടം രേഖപ്പെടുത്തുകയും ചെയ്തു. രണ്ടാംദിവസവും 19.6 ശതമാനം ഉയര്‍ന്നെങ്കിലും പിന്നീട് വില താഴ്ന്നു. ജൂലൈ അവസാനത്തോടെ ഐപിഒ വിലയേക്കാള്‍ 19.7 ശതമാനം താഴെയെത്തിയ ഓഹരി പിന്നീട് തിരിച്ചുകയറിയെങ്കിലും ആദ്യ വ്യാപാരവിലയായ 150 ഡോളറിന് താഴെയാണ് ഇപ്പോഴും ഇടപാടുകള്‍ നടക്കുന്നത്.
ആന്ത്രോപിക്കിന്റെ ഓഹരികളും സമാനമായ ചാഞ്ചാട്ടം നേരിടുമോയെന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഓഹരി വിപണിയിലെ പ്രവേശനം കമ്പനിയിലെ ജീവനക്കാര്‍ക്കും വലിയ സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും. നിക്ഷിപ്ത അവകാശം ലഭിച്ച ഓഹരികളില്‍ പത്തുശതമാനം വരെ ആദ്യദിവസം വില്‍ക്കാന്‍ അര്‍ഹരായ ജീവനക്കാര്‍ക്ക് അനുമതിയുണ്ട്. ഇതോടെ നിരവധി ജീവനക്കാര്‍ കോടീശ്വരന്മാരാകുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ സഹസ്ഥാപകരായ ഡാരിയോ അമോദെയ്, സഹോദരി ഡാനിയേല അമോദെയ് എന്നിവരുടെ സമ്പത്തിലും വന്‍വര്‍ധനയുണ്ടാകാന്‍ ഈ ഓഹരി വിപണി പ്രവേശനം വഴിയൊരുക്കും. അഞ്ച് വര്‍ഷം മുമ്പ് ചെറിയൊരു ഗവേഷകസംഘം ആരംഭിച്ച സംരംഭം ആഗോള എഐ വ്യവസായത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി വളര്‍ന്നുവെന്നതാണ് ആന്ത്രോപിക്കിന്റെ ഓഹരി വിപണി അരങ്ങേറ്റത്തെ ശ്രദ്ധേയമാക്കുന്നത്.
ഓഹരി വിപണിയില്‍ അരങ്ങേറ്റം; ആന്ത്രോപിക്കിന്റെ മൂല്യം രണ്ട് ലക്ഷം കോടി ഡോളര്‍ കടന്നു, ഓഹരി വിലയില്‍ 34 ശതമാനം കുതിപ്പ്
