വാഷിങ്ടണ്‍: അമേരിക്കയിലെ അയോവ സംസ്ഥാനത്തുള്ള സൈനിക ആയുധനിര്‍മാണ കേന്ദ്രത്തില്‍ ഏകദേശം 10,000 പൗണ്ട് (4,536 കിലോഗ്രാം) ലെഡ് അസൈഡ് രാസവസ്തു നിയന്ത്രിതമായി സ്‌ഫോടനം നടത്തി നിര്‍വീര്യമാക്കാനുള്ള നടപടി തിങ്കളാഴ്ചയിലേക്ക് മാറ്റി. വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌ഫോടനമാണ് പൊതുസുരക്ഷ മുന്‍നിര്‍ത്തി മാറ്റിവച്ചതെന്ന് അമേരിക്കന്‍ സൈനിക അധികൃതര്‍ അറിയിച്ചു.
അയോവയിലെ മിഡില്‍ടൗണിലുള്ള അയോവ ആര്‍മി അമ്യൂണിഷന്‍ പ്ലാന്റിലാണ് കാലപ്പഴക്കവും ഗുണനിലവാരത്തകര്‍ച്ചയും മൂലം അസ്ഥിരമായ ലെഡ് അസൈഡ് സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതിനായി രണ്ട് ഘട്ടങ്ങളിലായി നിയന്ത്രിത സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊതുസുരക്ഷയ്ക്കാണ് സൈന്യം പ്രഥമ പരിഗണന നല്‍കുന്നതെന്നും അതിനാല്‍ വെള്ളിയാഴ്ചത്തെ നടപടി നവംബര്‍ 23 തിങ്കളാഴ്ചയിലേക്ക് മാറ്റാന്‍ ആര്‍മി മെറ്റീരിയല്‍ കമാന്‍ഡിന് നിര്‍ദേശം നല്‍കിയതായും സൈനിക സെക്രട്ടറി ആദം ടെല്‍ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.
താപനില കുറയുമെന്ന് കാലാവസ്ഥാ പ്രവചനമുള്ളതിനാല്‍ രാസവസ്തുവിന്റെ അസ്ഥിരത കൂടുതല്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനുമുമ്പ് സ്‌ഫോടനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്‌ഫോടനപദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് പരിസ്ഥിതി സംഘടനകള്‍ ഫെഡറല്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി മാറ്റിവച്ചത്. സ്‌ഫോടനത്തിന് അനുമതി നല്‍കുമ്പോള്‍ ആരോഗ്യപരിസ്ഥിതി പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തിയിട്ടില്ലെന്നും മറ്റ് നിര്‍മാര്‍ജന മാര്‍ഗങ്ങള്‍ വേണ്ടവിധം പരിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ കോടതിയെ സമീപിച്ചത്. ലെഡ് സമ്പര്‍ക്കത്തിലൂടെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത, പരിസ്ഥിതിക്കുണ്ടാകാവുന്ന ആഘാതം, പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെച്ച രീതിയിലെ അപാകതകള്‍ എന്നിവയിലും വിവിധ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സംസ്ഥാനപ്രാദേശിക ഭരണകൂടങ്ങളുമായി തുടര്‍ന്നും ആശയവിനിമയം നടത്തുമെന്നും കൃത്യവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ആദം ടെല്‍ അറിയിച്ചു. പൊതുജനങ്ങളുമായുള്ള സുതാര്യമായ ആശയവിനിമയം വിശ്വാസം നിലനിര്‍ത്തുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10,000 പൗണ്ട് ലെഡ് അസൈഡ് സ്‌ഫോടനം മാറ്റിവച്ചു; അയോവയിലെ സൈനിക കേന്ദ്രത്തില്‍ തിങ്കളാഴ്ച നടത്തും
