ട്രംപ്-പുടിന്‍-ഷി കൂടിക്കാഴ്ച വെറും ഫോട്ടോ സെഷന്‍; റഷ്യയുമായുള്ള ചര്‍ച്ചകളില്‍ യുക്രെയ്‌നും യൂറോപ്പും പങ്കാളികളാകണമെന്ന് മെര്‍സ്

ട്രംപ്-പുടിന്‍-ഷി കൂടിക്കാഴ്ച വെറും ഫോട്ടോ സെഷന്‍; റഷ്യയുമായുള്ള ചര്‍ച്ചകളില്‍ യുക്രെയ്‌നും യൂറോപ്പും പങ്കാളികളാകണമെന്ന് മെര്‍സ്


ബെര്‍ലിന്‍: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി നടത്തുന്ന ഏത് സമാധാന ചര്‍ച്ചയിലും യുക്രെയ്‌നും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഒരുമിച്ച് പങ്കാളികളാകണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്. 
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ പങ്കെടുത്ത ത്രികക്ഷി കൂടിക്കാഴ്ചയെ വെറും ഫോട്ടോ സെഷന്‍ എന്ന് വിശേഷിപ്പിച്ച മെര്‍സ്, യുക്രെയ്‌നെയും യൂറോപ്പിനെയും മാറ്റിനിര്‍ത്തിയുള്ള ഒരു സമാധാന നീക്കവും വിജയിക്കില്ലെന്നും വ്യക്തമാക്കി. യുക്രെയ്‌നിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ 'കോയലിഷന്‍ ഓഫ് ദി വില്ലിങ്' ബെര്‍ലിനില്‍ നടത്തിയ ഉച്ചകോടിക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റഷ്യയുമായി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ യുക്രെയ്‌നും യൂറോപ്പും പങ്കാളികളാകണമെന്നും മെര്‍സ് പറഞ്ഞു. കീവ്, വാഷിങ്ടണ്‍ എന്നിവരുമായി ചേര്‍ന്ന് ഒരു ടീം എന്ന നിലയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ സംയുക്തമായി സംഘടിപ്പിച്ച യോഗം, യുക്രെയ്‌നുള്ള യൂറോപ്യന്‍ പിന്തുണ തുടരുമെന്ന സന്ദേശം നല്‍കുന്നതിനൊപ്പം സമാധാന ചര്‍ച്ചകളില്‍ യൂറോപ്പിനെ അവഗണിക്കരുതെന്ന നിലപാട് വ്യക്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ട്രംപ്, പുടിന്‍, ഷി ജിന്‍പിങ് എന്നിവര്‍ പങ്കെടുത്ത ത്രികക്ഷി കൂടിക്കാഴ്ചയെ വിമര്‍ശിച്ച മെര്‍സ്, 'യാല്‍റ്റ മാതൃകയ്ക്ക് യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാനാവില്ല' എന്നും പറഞ്ഞു. 
സമാധാന ചര്‍ച്ചകള്‍ നടന്നാല്‍ അതില്‍ യുക്രെയ്‌നും യൂറോപ്പും നിര്‍ണായക പങ്കുവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ 1945ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെല്‍റ്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുത്ത യാല്‍റ്റാ സമ്മേളനത്തില്‍ മറ്റു രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാതെ യുദ്ധാനന്തര അതിര്‍ത്തികളും അധികാര സ്വാധീന മേഖലകളും സംബന്ധിച്ച് തീരുമാനങ്ങളെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മെര്‍സിന്റെ പരാമര്‍ശം. ഇതിന്റെ പ്രതീകമായി ബെര്‍ലിന്‍ മതിലിന്റെ ഓരോ ഭാഗം യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. 
1989ല്‍ തകര്‍ന്ന ബെര്‍ലിന്‍ മതില്‍ അടിച്ചമര്‍ത്തലിന്റെയും അരക്ഷിതാവസ്ഥയുടെയും സമാധാനമില്ലായ്മയുടെയും പ്രതീകമായിരുന്നുവെന്നും എന്നാല്‍ മതിലിന്റെ പതനം സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും വിജയത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയുമായി ട്രംപ് നേരിട്ട് നടത്തുന്ന നയതന്ത്ര ഇടപെടലുകളില്‍ യൂറോപ്യന്‍ നേതാക്കള്‍ക്കുള്ള അതൃപ്തി യോഗത്തില്‍ പ്രകടമായി. അമേരിക്കന്‍ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നറും ബെര്‍ലിനിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തങ്ങളുടെ സുഹൃത്തല്ലെന്നും ഒരിക്കലും അങ്ങനെയാകില്ലെന്നും പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. തലേദിവസം പുടിനെ 'എന്റെ സുഹൃത്ത്' എന്ന് ട്രംപ് വിശേഷിപ്പിച്ചതിനുള്ള മറുപടിയായാണ് ടസ്‌കിന്റെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്. 
പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് തയ്യാറാകുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനും പ്രതികരിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പുടിന്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാണ് സാധ്യതയെന്നും ഇത് ലോകസമാധാനത്തിനും യുക്രെയ്‌നും ആശങ്കയുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ റഷ്യന്‍ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. 
അതേസമയം, യുക്രെയ്‌നുള്ള പിന്തുണയില്‍ യൂറോപ്യന്‍ യൂണിയന്‍ ഒറ്റക്കെട്ടാണെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ വ്യക്തമാക്കി. ശക്തിയിലൂടെ മാത്രമേ നീതിയുക്തവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സമാധാനം ഉറപ്പാക്കാനാകൂവെന്നും യുക്രെയ്‌നുള്ള സഹായം തുടരുമെന്നും റഷ്യയ്ക്കുമേലുള്ള സമ്മര്‍ദം ശക്തമായി നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ബെര്‍ലിനിലെ യോഗത്തില്‍ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി, രാജ്യത്തിന്റെ പ്രധാന ആവശ്യങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തതായി അറിയിച്ചു. റഷ്യയുടെ ഷഹീദ് ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുക, ഊര്‍ജമേഖലയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുക, നയതന്ത്ര നീക്കങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
 'കോയലിഷന്‍ ഓഫ് ദി വില്ലിങ്' യോഗവും വിവിധ രാജ്യങ്ങളുടെ നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും പ്രായോഗിക ഫലങ്ങള്‍ നല്‍കേണ്ടത് അനിവാര്യമാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.