ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ '40 അണ്ടര്‍ 40' പട്ടികയില്‍ 40 വയസിന് താഴെയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നരായ സ്വയംസൃഷ്ട ബില്യണേര്‍മാരില്‍ ഇന്ത്യന്‍ വേരുകളുള്ള നാലുപേര്‍ ഇടം നേടി. 11 ബില്യണ്‍ ഡോളറിലേറെ സംയുക്ത സമ്പത്തിനുടമകളായ അങ്കുര്‍ ജെയിന്‍, നിഖില്‍ കാമത്ത്, ആദര്‍ശ് ഹിരേമത്ത്, സൂര്യ മിധ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.
19ാം സ്ഥാനത്തെത്തിയ 35 വയസ്സുകാരനായ അങ്കുര്‍ ജെയിന്‍ 3.4 ബില്യണ്‍ ഡോളറിന്റെ സമ്പത്തിനുടമയാണ്. യുഎസില്‍ താമസിക്കുന്ന ജെയിന്‍ 2019ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹോം റന്റല്‍ റിവാര്‍ഡ്‌സ് സ്റ്റാര്‍ട്ടപ്പായ 'ബില്‍റ്റ് റിവാര്‍ഡ്‌സ്' സ്ഥാപിച്ചു. 2016ല്‍ ടിന്‍ഡറിന് വിറ്റഴിച്ച 'ഹ്യൂമിന്‍' എന്ന കോണ്‍ടാക്റ്റ് മാനേജ്‌മെന്റ് ആപ്പിന്റെ സഹസ്ഥാപകനായിരുന്നു അദ്ദേഹം. സ്വകാര്യ നിക്ഷേപകര്‍ ബില്‍റ്റിന്റെ മൂല്യം 10.8 ബില്യണ്‍ ഡോളറിലധികമായി കണക്കാക്കുന്നു.
20ാം സ്ഥാനത്ത് ഏക ഇന്ത്യക്കാരനായി ഇടം നേടിയ 39 വയസ്സുകാരനായ നിഖില്‍ കാമത്ത് 3.3 ബില്യണ്‍ ഡോളറിന്റെ സമ്പത്തോടെയാണ് പട്ടികയില്‍ ഇടംപിടിച്ചത്. സഹോദരന്‍ നിതിന്‍ കാമത്തിനൊപ്പം 2010ല്‍ ബെംഗളൂരുവില്‍ സ്ഥാപിച്ച ഡിസ്‌കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സെറോധയുടെ സഹസ്ഥാപകനാണ് നിഖില്‍. ഏകദേശം 8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സെറോധയില്‍ നിഖില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും നിതിന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവര്‍ത്തിക്കുന്നു.
27ാം സ്ഥാനം പങ്കിട്ടിരിക്കുന്നത് എഐ റിക്രൂട്ടിംഗ് സ്റ്റാര്‍ട്ടപ്പായ 'മെര്‍ക്കോര്‍'യുടെ സഹസ്ഥാപകരായ ആദര്‍ശ് ഹിരേമത്തും സൂര്യ മിധയും ഉള്‍പ്പെടുന്ന സംഘത്തിനാണ്. ഹൈസ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുകളായ 22 വയസ്സുകാരായ ആദര്‍ശും സൂര്യയും 2023ല്‍ മെര്‍ക്കോര്‍ ആരംഭിച്ചു. സിലിക്കണ്‍ വാലിയിലെ പ്രമുഖ എഐ ലാബുകള്‍ക്ക് മോഡലുകള്‍ പരിശീലിപ്പിക്കാന്‍ സഹായിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് ഇരുവര്‍ക്കും 2.2 ബില്യണ്‍ ഡോളര്‍ വീതം സമ്പത്ത് സമ്മാനിച്ചു. 22 വയസ്സില്‍ ബില്യണേര്‍മാരായ ഇവര്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും പ്രായംകുറഞ്ഞ ബില്യണേര്‍മാരായി മാറി.
ഫോബ്‌സ് 40 അണ്ടര്‍ 40: ഇന്ത്യന്‍ വേരുകളുള്ള നാല് യുവ ബില്യണേര്‍മാര്‍
