താരിഫ് സമ്മര്‍ദ്ദത്തിനിടയിലും ആഗോള മാന്ദ്യം മറികടന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ; 2025-26ല്‍ 7.4% വളര്‍ച്ച പ്രവചനം

താരിഫ് സമ്മര്‍ദ്ദത്തിനിടയിലും ആഗോള മാന്ദ്യം മറികടന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ; 2025-26ല്‍ 7.4% വളര്‍ച്ച പ്രവചനം


ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദവും തുടരുന്നതിനിടയിലും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.4 ശതമാനംആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രവചിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കാക്കിയ 7.3 ശതമാനത്തേക്കാള്‍ അല്പം കൂടുതലായ ഈ കണക്ക്, കഴിഞ്ഞ വര്‍ഷത്തെ 6.5 ശതമാന വളര്‍ച്ചയെയും മറികടക്കുന്നതാണ്.

ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ അനുസരിച്ച്, പണപ്പെരുപ്പം ഉള്‍പ്പെടുന്ന നാമമാത്ര ജിഡിപി വളര്‍ച്ച 8 ശതമാനമായി മിതമാക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. മുന്‍വര്‍ഷം ഇത് 9.7 ശതമാനം ആയിരുന്നു. ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന്റെ അടിസ്ഥാന കണക്കുകളായിരിക്കും ഇവ.

2025-26ലെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ജിഡിപി വളര്‍ച്ച 8.2 ശതമാനമായി, ആറു പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഏപ്രില്‍-ജൂണ്‍ പാദത്തിലെ 7.8 ശതമാനത്തേക്കാള്‍ വ്യക്തമായ മെച്ചപ്പെടുത്തലാണിത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യ 6.5 ശതമാനവും 9.2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

സേവനമേഖലയുടെ സ്ഥിരത, നിക്ഷേപ വര്‍ധന, സര്‍ക്കാര്‍ ചെലവിന്റെ കേന്ദ്രീകൃത സമീപനം എന്നിവയാണ് സമ്പദ്‌വ്യവസ്ഥയെ ശക്തമായി താങ്ങുന്നത്. വ്യവസായ ഉല്‍പാദനത്തിലെ ഉയര്‍ച്ച, മെച്ചപ്പെട്ട വായ്പ ലഭ്യത, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയും വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നുണ്ട്. ഇതോടെ ഏഷ്യയിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ നിലനില്‍ക്കുന്നു.

ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നടപ്പാക്കിയ വരുമാന നികുതി ഇളവുകളും, സെപ്റ്റംബര്‍ 22 മുതല്‍ വിവിധ ഉല്‍പ്പന്നങ്ങളില്‍ ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ കുറവുകളും ഉപഭോഗം വര്‍ധിപ്പിച്ചതായി വ്യവസായ വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഉപഭോക്താക്കളുടെ കൈകളിലെ ചെലവിടാവുന്ന വരുമാനം ഉയര്‍ന്നതും നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞതുമാണ് ഇതിന് കാരണം.

അതേസമയം, യഥാര്‍ത്ഥ ഗ്രോസ് വാല്യു ആഡഡ് (GVA) വളര്‍ച്ച 2025-26ല്‍ 7.3 ശതമാനമായി ഉയരുമെന്ന് കണക്കാക്കുന്നു; മുന്‍വര്‍ഷം ഇത് 6.4 ശതമാനമായിരുന്നു. നാമമാത്ര GVA വളര്‍ച്ച 7.7 ശതമാനമായി മന്ദഗതിയിലാകുമെന്നും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ ചെലവ് 5.2 ശതമാനം വര്‍ധിക്കുമെന്നാണ് പ്രവചനം; കഴിഞ്ഞ വര്‍ഷത്തെ 2.3 ശതമാനത്തേക്കാള്‍ വലിയ ഉയര്‍ച്ചയാണിത്.