ഇവി വിപണിയിലെ കിരീടം BYDയ്ക്ക്; ടെസ്‌ലയുടെ വില്‍പ്പന രണ്ടാമത്തെ വര്‍ഷവും ഇടിഞ്ഞു

ഇവി വിപണിയിലെ കിരീടം BYDയ്ക്ക്; ടെസ്‌ലയുടെ വില്‍പ്പന രണ്ടാമത്തെ വര്‍ഷവും ഇടിഞ്ഞു


ഇലക്ട്രിക് വാഹന വിപണിയിലെ മുന്‍തൂക്കം ടെസ്‌ലയ്ക്ക് നഷ്ടപ്പെട്ടു. എലോണ്‍ മസ്‌ക് നയിക്കുന്ന ടെസ്‌ല ഇന്‍ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വില്‍പ്പന കുറയുകയും, ചൈനീസ് വാഹന നിര്‍മ്മാതാക്കളായ BYD ആഗോള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാമതെത്തുകയും ചെയ്തു. 2025ല്‍ ടെസ്‌ലയുടെ ആകെ വാഹന വില്‍പ്പന 8.6 ശതമാനം ഇടിഞ്ഞപ്പോള്‍, BYD ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ടെസ്‌ല 4,18,227 വാഹനങ്ങള്‍ മാത്രമാണ് വിതരണം ചെയ്തത്. ഇത് ബ്ലൂംബര്‍ഗ് സര്‍വേ ചെയ്ത അനലിസ്റ്റ് കണക്കുകളേക്കാള്‍ താഴെയാണ്. ആകെ വാര്‍ഷിക വില്‍പ്പന 16.4 ലക്ഷം വാഹനങ്ങളായി ചുരുങ്ങിയപ്പോള്‍, BYD 22.6 ലക്ഷം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളാണ് 2025ല്‍ വിതരണം ചെയ്തത്. ഇതിന് പുറമെ, പ്ലഗ്ഇന്‍ ഹൈബ്രിഡ് വാഹനങ്ങളിലൂടെയും BYD രണ്ടുവര്‍ഷം തുടര്‍ച്ചയായി 20 ലക്ഷത്തിലധികം വില്‍പ്പന നേടി.

ഇവി വിപണിയിലെ ഇടിവ് നിലനില്‍ക്കുമ്പോഴും, ടെസ്‌ല ഓഹരികളില്‍ നിക്ഷേപകര്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്വയം ഓടുന്ന വാഹനങ്ങള്‍, റോബോട്ടാക്‌സി സേവനം എന്നിവയിലേക്കുള്ള മസ്‌കിന്റെ ദീര്‍ഘകാല ദര്‍ശനമാണ് വിപണി കൂടുതല്‍ വിലമതിക്കുന്നത്. 2026ല്‍ റോബോട്ടാക്‌സി സേവനം വ്യാപിപ്പിക്കുന്നത് ടെസ്‌ലക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, യുഎസില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ഫെഡറല്‍ നികുതി ഇളവുകള്‍ അവസാനിപ്പിച്ചതും, ഇന്ധനക്ഷമത-കാര്‍ബണ്‍ പുറത്തുവിടല്‍ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കിയതും ടെസ്‌ലയുടെ പ്രധാന വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതാണ് വില്‍പ്പന കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വാള്‍ സ്ട്രീറ്റ് അനലിസ്റ്റുകള്‍ 2026ലെ ടെസ്‌ല വില്‍പ്പന കണക്കുകളില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് 30 ലക്ഷം വാഹനങ്ങളെന്ന പ്രവചനം ഉണ്ടായിരുന്നിടത്ത്, ഇപ്പോള്‍ ശരാശരി കണക്കുകള്‍ 18 ലക്ഷമായി താഴ്ന്നിട്ടുണ്ട്.

ഇതിനിടയില്‍, ടെസ്‌ലയുടെ എനര്‍ജി സ്‌റ്റോറേജ് വിഭാഗം റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2025ല്‍ 46.7 ഗിഗാവാട്ട് മണിക്കൂര്‍ ഊര്‍ജ സംഭരണ സംവിധാനങ്ങളാണ് കമ്പനി വിന്യസിച്ചത്. വര്‍ഷാവസാനത്തോടെ സ്റ്റിയറിംഗ് വീലില്ലാത്ത 'സൈബര്‍കാബ്' മോഡലിനെ കുറിച്ചും റോബോട്ടാക്‌സി സേവനത്തെ കുറിച്ചും മസ്‌ക് പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും, വ്യാപകമായ ഉപഭോക്തൃ സേവനത്തിന് ഇനിയും സമയം വേണ്ടിവരുമെന്നാണ് സൂചന.