ഹൈദരബാദ്: ബാഹുബലിയിലൂടെ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടതാരമായി മാറിയ തെലുങ്ക് നടന്‍ പ്രഭാസിന് 45 വയസ്സ്. പിറന്നാള്‍ സമ്മാനമായി ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് പ്രഭാസ് ഒരുക്കിയത്. സൂപ്പര്‍ താരത്തിന്റെ ആറ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ആരാധകര്‍ക്ക് വേണ്ടി റീറിലീസ് ചെയ്തത്. മിസ്റ്റര്‍ പെര്‍ഫെക്റ്റ്, മിര്‍ച്ചി, ഛത്രപതി, റിബല്‍, ഈശ്വര്‍, സലാര്‍ എന്നിവയാണ് വീണ്ടും വെള്ളിത്തിരയിലെത്തിയത്.
1979 ഒക്‌ടോബര്‍ 23ന് മദ്രാസിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന യു സൂര്യനാരായണ രാജുവിന്റേയും ശിവകുമാരിയുടെയും മൂന്നു മക്കളില്‍ ഇളയ മകനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പല്‍പ്പടി എന്ന പ്രഭാസ്. ഭീമവരത്തെ ഡിഎന്‍ആര്‍ വിദ്യാലയത്തില്‍ നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജില്‍ നിന്നാണ് ബിടെക്കും കരസ്ഥമാക്കിയത്.
2002ലാണ് പ്രഭാസ് സിനിമയിലെത്തിയത്. ജയന്ത് സി പരന്‍ഞെ സംവിധാനം ചെയ്ത 'ഈശ്വര്‍' എന്ന ചിത്രത്തില്‍ ശ്രീദേവി വിജയകുമാറിന്റെ നായകനായാണ് അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ എസ് എസ് രാജമൗലിയുടെ ബഹുഭാഷ ചിത്രം ബാഹുബലിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
ഏകദേശം 2100 കോടിയുടെ പുതിയ പ്രൊജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രശാന്ത് നീല്‍ ഒരുക്കിയ സലാറിന്റെ രണ്ടാംഭാഗം സലാര്‍2: ശൗര്യംഗ പര്‍വ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് അടുത്തതായി തെയേറ്ററുകളില്‍ എത്താനുള്ളത്.
പ്രഭാസിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. റൊമാന്റിക് കോമഡി ഹൊറര്‍ ജോണറിലാണ് ചിത്രം ഒരുക്കിയത്. പീപ്പിള്‍ മീഡിയ ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് നായികമാര്‍.
താരപ്പകിട്ടുകൊണ്ടും പ്രമേയം കൊണ്ടും അവതരണ രീതിയിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രഭാസിന്റെ കരിയറിലെ പുതിയ അധ്യായമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
2021ല്‍ യു കെ ആസ്ഥാനമായ 'ഈസ്റ്റേണ്‍ ഐ' എന്ന പ്രതിവാര പത്രം ലോകത്തിലെ ഒന്നാം നമ്പര്‍ സൗത്ത് ഏഷ്യന്‍ സെലിബ്രിറ്റിയായി പ്രഭാസിനെ തെരഞ്ഞെടുത്തിരുന്നു. ബാഹുബലിക്കു ശേഷം പ്രഭാസിന്റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്റെ തെളിവുകൂടിയാണത്. സര്‍വേ ഫലമനുസരിച്ച് സിനിമ, ടെലിവിഷന്‍, സാഹിത്യം, സംഗീതം, സോഷ്യല്‍ മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാള്‍ മുന്നിലാണ് പ്രഭാസ്.