'കഴിയുന്നത്ര കാലം ജോലി തുടരും': 83ാം വയസിലും ആവേശത്തോടെ അമിതാഭ് ബച്ചൻ

'കഴിയുന്നത്ര കാലം ജോലി തുടരും': 83ാം വയസിലും ആവേശത്തോടെ അമിതാഭ് ബച്ചൻ


മുംബൈ:  വയസ് ഒരു സംഖ്യ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. 83ാം വയസിലും അഭിനയം ഉൾപ്പെടെയുള്ള ജോലികളിൽ സജീവമായി തുടരുന്ന ബച്ചൻ, ജോലി ചെയ്യുന്നത് ജീവിതത്തിന് അനിവാര്യമാണെന്നാണ് വ്യക്തമാക്കുന്നത്.

 ജോലി യാണ് തന്നെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്ന് ബച്ചൻ പറയുന്നു. സ്വകാര്യ ബ്ലോഗിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം പങ്കുവയ്ക്കുന്നത്.

'ജോലി ചെയ്യാൻ കഴിയുന്നത്ര കാലം ജോലി തുടരണം. ജോലി ഇല്ലായ്മ മനസ്സിനെ ദോഷകരമായി ബാധിക്കും. അതിനാൽ ജോലി- ജോലി- ജോലി- കഴിയുന്നത്ര കാലം,' എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. രാവിലെ നേരത്തെയുള്ള മീറ്റിങ്ങുകൾ കാരണം അസാധാരണ സമയത്താണ് ബ്ലോഗ് എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി സിനിമകളിൽ മാത്രമല്ല, ജനപ്രിയ ടെലിവിഷൻ ഗെയിം ഷോയായ 'കൗൻ ബനേഗ ക്രോർപതി' (കെബിസി) യുടെ അവതാരകനായും ബച്ചൻ ഇപ്പോഴും പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ട താരമാണ്. കെബിസിയുടെ അടുത്തിടെ അവസാനിച്ച സീസണിന് അദ്ദേഹം ഹൃദയസ്പർശിയായ വിടവാങ്ങൽ സന്ദേശവും നൽകി. 'എന്റെ ജീവിതത്തിന്റെ മൂന്നിലൊന്നിലധികം കാലം നിങ്ങളോടൊപ്പം ചെലവഴിക്കാനായത് വലിയ ഭാഗ്യമാണ്,' എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ പുലർച്ചെ 5.30 വരെ ജോലി ചെയ്തിരുന്നുവെന്നതും ബച്ചൻ പങ്കുവച്ചു. തിരക്കിനിടയിൽ ബ്ലോഗ് കുറിപ്പിനും ആരാധകരോടുള്ള പ്രതികരണങ്ങൾക്കും സമയം കണ്ടെത്താനാകാതെ പോയതിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും, തന്റെ 'എക്സ്റ്റൻഡഡ് ഫാമിലി'യായ ആരാധകരോടുള്ള സ്‌നേഹത്തിൽ ഒരിക്കലും ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു.

അമിതാഭ് ബച്ചൻ അവസാനമായി അഭിനയിച്ചത് 'കൽക്കി 2898 എ.ഡി.' എന്ന സിനിമയിലാണ്. പ്രഭാസ്, ദീപിക പദുകോൺ, കമൽ ഹാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നാഗ് അശ്വിൻ ആണ് സംവിധാനം ചെയ്തത്. അശ്വത്ഥാമാ-ആയി ബച്ചന്റെ അഭിനയത്തിന് വലിയ പ്രശംസ ലഭിക്കുകയും, ചിത്രം ലോകവ്യാപകമായി 1,000 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങൾ മാത്രമാണ് അദ്ദേഹം ഇപ്പോൾ സിനിമകളിൽ ചെയ്യുന്നത്. 'കൽക്കി'യുടെ രണ്ടാം ഭാഗത്തിൽ ബച്ചൻ വീണ്ടും അഭിനയിക്കുമെന്നാണ് സൂചന.