പോലീസ് സ്റ്റേഷനുകളിൽ ഇനി വാഹനങ്ങള്‍ കെട്ടിക്കിടക്കില്ല; വൃത്തിയാക്കാൻ 'സ്പേസ്'

പോലീസ് സ്റ്റേഷനുകളിൽ ഇനി വാഹനങ്ങള്‍ കെട്ടിക്കിടക്കില്ല; വൃത്തിയാക്കാൻ 'സ്പേസ്'


തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷന്‍ വളപ്പിലും സമീപത്തും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അപകടത്തിൽപ്പെട്ടതും തൊണ്ടിമുതലുകളുമായ എല്ലാ വാഹനങ്ങളും സ്റ്റേഷൻ പരിസരത്തുനിന്ന് മാറ്റും. 'സ്പേസ്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 

പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെപിഎച്ച്‌സിസി) നേതൃത്വത്തില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സീറോയുടെ സഹകരണത്തോടെയാണ് 'റീക്ലെയിം, റിന്യൂ, റിവൈവ്' എന്ന ടാഗ് ലൈനിലുള്ള പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ചെയര്‍മാനും കെപിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ അംഗവുമായ സമിതിയാണ് പദ്ധതിക്ക് രൂപം നല്‍കുക. പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ചെയര്‍മാന്റെ നേതൃത്വത്തില്‍ തീരുമാനിക്കും

പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ പൊലീസ് സ്റ്റേഷന്‍ പരിസരം ശുചിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. വാഹനങ്ങള്‍ ലേലം ചെയ്യുന്ന ഏര്‍പ്പാട് നിലവിലുണ്ടെങ്കിലും അത് ശാശ്വത പരിഹാരമായിരുന്നില്ല.