ഷാര്‍ജ: ഇടവേളയ്ക്കു ശേഷം പുതിയ നോവലിനെ കുറിച്ച് അറിയിച്ച് ചേതന്‍ ഭഗത്. അടുത്ത ദീപാവലിക്ക് ഷാര്‍ജാ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. പ്രണയ നോവലായിരിക്കും അതെന്നും അദ്ദേഹം ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയിലെ ചേതന്‍ ഭഗത്തുമൊത്ത് ഒരു സായാഹ്നം പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു.
'ഇലവന്‍ റൂള്‍സ് ഫോര്‍ ലൈഫ്' എന്ന കൃതിയെ ആധാരമാക്കിയാണ് ചേതന്‍ ഭഗത് വായനക്കാരുമായി സംവദിച്ചത്. പുതിയ കാലഘട്ടത്തില്‍ ജീവിത വിജയത്തിന് നെറ്റ്‌വര്‍ക്കിങ്ങ് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ ചേതന്‍ ഭഗത് നെറ്റ്വര്‍ക്കിങ് വലയത്തിനകത്തുള്ളവര്‍ സുഹൃത്തുക്കളാവണമെന്നില്ലെങ്കിലും ഒദ്യോഗികമായി ഇവരുമായുള്ള ബന്ധം സൂക്ഷിക്കുന്നത് വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആദ്യ സിനിമ തന്നെ നടി വിദ്യ ബാലനുമായി തുടങ്ങിയ നെറ്റ്വര്‍ക്കിങ്ങിന്റെ ഫലമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വീഡിയോ എത്ര വേണമെങ്കിലും കാണാം. എന്നാല്‍ പുസ്തകം വായിക്കാന്‍ വയ്യ എന്ന നിലപാടാണ് കൗമാരക്കാര്‍ക്കുള്ളത്. കുട്ടികള്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയില്‍ സജീവമാകാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ സംശയങ്ങളുണ്ടായിരുന്നുവെന്നും എന്നാലിപ്പോള്‍ ആത്മവിശ്വാസത്തോടെയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. 2011ല്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വരുമ്പോള്‍ തന്റെ സിനിമ, തന്റെ നോവല്‍ എന്ന വ്യക്തിഗത വിചാരങ്ങളും നിലപാടുകളും മാത്രമാണ് ഉണ്ടായിരുന്നത്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടെ ജീവിതത്തിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇപ്പോള്‍ മറ്റുള്ളവരെ കുറിച്ചുള്ള കരുതല്‍ ജീവിതത്തിലെ പ്രധാന ഘടകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് മുരളീധരന്‍ മോഡറേറ്ററായിരുന്നു.