കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചു ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 3'-ന്റെ യു കെയിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. യു കെയിലെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ആര്‍ എഫ് ടി ഫിലിംസ് സിനിമ റിലീസ് ചെയ്യുന്നതിന് നാല് ആഴ്ച മുമ്പ് തന്നെ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാക്കി വിപണിയില്‍ ചരിത്രം കുറിച്ചത്.
യു കെയിലെ പ്രശസ്തമായ തിയേറ്റര്‍ ശൃംഖലകളായ സിനിവേള്‍ഡ്, ഒഡിയോന്‍, വ്യൂ സിനിമാസ് എന്നിവിടങ്ങളില്‍ ഇതിനോടകം തന്നെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഒരു മലയാള ചിത്രത്തിന്റെ റിലീസിന് ഇത്രയും ദിവസങ്ങള്‍ക്ക് മുമ്പ് ബുക്കിംഗ് ഓപ്പണ്‍ ചെയ്യുന്നത് ഇതാദ്യമായാണ്.
മെയ് 21ന് ചിത്രം തിയേറ്ററുകളില്‍ എത്തും. യു കെയിലെ മോളിവുഡ് മാര്‍ക്കറ്റ് ലീഡേഴ്‌സായ ആര്‍ എഫ് ടി ഫിലിംസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ആര്‍ എഫ് ടി ഫിലിംസ് സി ഇ ഒ റൊണാള്‍ഡ് തൊണ്ടിക്കലാണ് ഈ വമ്പന്‍ റിലീസിന് നേതൃത്വം നല്‍കുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ യു കെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച ആര്‍ എഫ് ടി ഫിലിംസിന്റെ ട്രാക്ക് റെക്കോര്‍ഡിലെ മറ്റൊരു പൊന്‍തൂവലാകും 'ദൃശ്യം 3'.
ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ എന്നിവര്‍ തങ്ങളുടെ മുന്‍വേഷങ്ങള്‍ ഈ മൂന്നാം ഭാഗത്തിലും വീണ്ടും അവതരിപ്പിക്കുന്നു.
ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും എത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ യു കെയിലെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആവേശമാണുള്ളത്. രണ്ടാം ഭാഗത്തിലെ സംഭവവികാസങ്ങള്‍ക്ക് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജോര്‍ജുകുട്ടിയുടെ ജീവിതമാണ് ഈ ചിത്രം പ്രമേയമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ ബുക്കിംഗ് ലഭ്യമാകുമെന്ന് വിതരണക്കാര്‍ അറിയിച്ചു.
