ഹൂസ്റ്റണ്‍: പ്രശസ്തനായ മലയാള ചലച്ചിത്ര നടന്‍ ബാബു ആന്റണിക്ക് 2024-ലെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ നല്‍കുന്ന 'ചലച്ചിത്ര പ്രതിഭ' പുരസ്‌കാരം ലഭിച്ചു. മലയാള സിനിമയിലെ സംഭാവനകള്‍ക്കാണ് അദ്ദേഹത്തെ ആദരിച്ച് ഈ പുരസ്‌കാരം നല്‍കിയത്.
ഈ അംഗീകാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ബാബു ആന്റണി, തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ നന്ദി അറിയിക്കുകയും ചെയ്തു. കുടുംബ സമേതം ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ബാബു ആന്റണിക്കു പ്രവാസി മലയാളികളുടെ സ്നേഹാദരങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു.
മലയാള സിനിമയിലെ പ്രശസ്തനായ അഭിനേതാവും മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റുമായ ബാബു ആന്റണി 1986ല്‍ ഭരതന്റെ ചിലമ്പിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളില്‍ അഭിനയിച്ച മലയാളി നടന്‍ എന്ന അപൂര്‍വ്വ ബഹുമതിയും അദ്ദേഹത്തിനുണ്ട്.
വില്ലനും നായകനുമായി 1980- 90കളില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ ബാബു ആന്റണി തിളങ്ങി. ആയോധന കലകളിലെ പ്രാവീണ്യം കൊണ്ട് ആക്ഷന്‍ രംഗങ്ങള്‍ക്ക് വേറിട്ടൊരു മാനറിസം നല്‍കി യുവാക്കളെ തന്റെ ആരാധകരാക്കി അദ്ദേഹം.
സിനിമ ഷൂട്ടിങ്ങിനു ശേഷം കേരളത്തില്‍ നിന്ന് ഹൂസ്റ്റണില്‍ തിരിച്ചെത്തിയ ബാബു ആന്റണി തന്റെ നാല്പ്പതു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ആദ്യമായി ലഭിച്ച ഈ അവാര്‍ഡിന്റെ സന്തോഷം പങ്കുവെച്ചു.
ബാബു ആന്റണിയുടെ വാക്കുകളിലൂടെ:
ഒരു അംഗീകാരവും പ്രതീക്ഷിക്കാതെ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇതുവരെ സജീവമായി പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ലഭിച്ച ഈ അംഗീകാരം തീര്‍ച്ചയായും തന്റെ അഭിനയ ജീവിതത്തിനു മാറ്റ് കൂട്ടും.
ഒത്തിരി സപ്പോര്‍ട്ടിങ് കഥാപാത്രങ്ങള്‍ക്ക് ശേഷം വീണ്ടും നായക കഥാപാത്രങ്ങളിലേക്ക് തിരിച്ചു വന്നു സജീവമാകാനാണ് താത്പര്യം. ഹീറോ അല്ലെങ്കില്‍ ഹീറോയുടെ ഒപ്പമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് തന്നെ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ ആവശ്യപ്പെടുന്നതും- ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.
ഒരിടവേളക്കു ശേഷം ഒട്ടേറെ പുതിയ സിനിമകളുടെ തിരക്കിലാണ് ബാബു ആന്റണി. അടുത്തിടെ റിലീസായ ബസൂക്ക, മരണമാസ്, 'കേക്ക് സ്റ്റോറി' തുടങ്ങി ഉടനെ റിലീസാകുന്ന മറ്റനവധി ചിത്രങ്ങളുടെ പണിപ്പുരയിലുമാണ് ഇപ്പോള്‍.
അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്വന്തമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കൂളുകളും ബാബു ആന്റണിക്കുണ്ട്. മക്കളായ ആര്‍തര്‍ ആന്റണിയും അലക്‌സ് ആന്റണിയും മാര്‍ഷ്യല്‍ ആട്‌സിനൊപ്പം സിനിമ മേഖലയിലേക്കും ചുവടുറപ്പിച്ചു കഴിഞ്ഞു.