കൊച്ചി: മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവല്‍' റിലീസ് തിയ്യതി പുറത്ത്. നവംബര്‍ 27നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാ പ്രേമികള്‍ 'കളങ്കാവല്‍' കാത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്.
കഴിഞ്ഞ ദിവസം സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വരികയും വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും വലിയ ആവേശവും ആകാംക്ഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മമ്മൂട്ടി എന്ന മഹാനടന്റെ ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രമായിരിക്കും 'കളങ്കാവല്‍' എന്നാണ് ചിത്രത്തിന്റെ ഓരോ പ്രോമോ കണ്ടന്റുകളും നല്‍കുന്ന പ്രതീക്ഷ. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനില്‍ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ആരാധകരും.
