സെല്‍ഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും; ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സെല്‍ഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും; ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി


കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രം 'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്.

ഒരു ഗൈനക്കോളജിസ്റ്റ് ആണ് ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം. ഐ വി എഫ് സ്പെഷ്യലിസ്റ്റായ ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ പ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു.

പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്.

സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്സ്മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.

ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവം സമ്മാനിക്കുന്ന ടോട്ടല്‍ എന്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറ പ്രവര്‍ത്തകള്‍ പ്രത്യാശിക്കുന്നു.

അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. സുനില്‍ കെ ജോര്‍ജ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം- സമീറാ സനീഷ്, ചീഫ് അസോസിയേറ്റ്- സുകു ദാമോദര്‍, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍.