''400 കിലോഗ്രാം ആർ.ഡി.എക്‌സുമായി 34 മനുഷ്യബോംബുകൾ'' മുംബൈയിൽ ചാവേർ ആക്രമണ ഭീഷണി

''400 കിലോഗ്രാം ആർ.ഡി.എക്‌സുമായി 34 മനുഷ്യബോംബുകൾ'' മുംബൈയിൽ ചാവേർ ആക്രമണ ഭീഷണി


മുംബൈ : മഹാനഗരത്തെ മുൾമുനയിൽ നിർത്തി മുംബൈയിൽ ചാവേർ ആക്രമണ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പ് നമ്പറിലാണ് നഗരത്തിൽ 400 കിലോഗ്രാം ആർ.ഡി.എക്‌സുമായി 34 മനുഷ്യബോംബുകൾ സജ്ജമാണെന്ന ഭീഷണി സന്ദേശമെത്തിയത്.

34 വാഹനങ്ങളിലായി ചാവേറുകൾ, ഒരു കോടി പേരെ കൊല്ലുമെന്നും മുംബൈ നടുങ്ങുമെന്നും ലഷ്‌കർ ഇ ജിഹാദി എന്ന സംഘടനയുടേതെന്ന പേരിലെത്തിയ ഭീഷണി സന്ദേശത്തിൽ പറയുന്നതായി പൊലീസ് അറിയിച്ചു. 14 പാകിസ്താനി ഭീകരർ രാജ്യത്തേക്ക് കടന്നതായും സന്ദേശത്തിൽ പറയുന്നു.

ഭീഷണി അറിയിപ്പു വന്നതിനു പിന്നാലെ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി. സന്ദേശത്തിന്റെ ഉറവിടത്തിനായി മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നബി ദിനവും, ആനന്ദ് ചതുർദശിയുമായി നഗരത്തിൽ കനത്ത സുരക്ഷ ഒരുക്കുന്നതിനിടെയാണ് ചാവേർ ഭീഷണിയെത്തുന്നത്.

അതേസമയം, ഹെൽപ് ലൈനിലേക്ക് അജ്ഞാത നമ്പറുകളിൽ നിന്നെത്തുന്ന ഇത്തരം ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ പലപ്പോഴും മാനസികാസ്വാസ്ഥ്യമുള്ളവേരാ, മദ്യപിച്ച് ലക്കുക്കെട്ടവരോ ആയിരുക്കുമെന്ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എന്നാൽ, എല്ലാ ഭീഷണി സന്ദേശങ്ങളും ഗൗരവത്തിലെടുക്കുകയും, സുരക്ഷയും പരിശോധനയും വർധിപ്പിച്ച് ഏത് സാഹചര്യവും നേരിടാൻ സജ്ജമാവുകയും ചെയ്യും. ഏതെങ്കിലും സ്ഥലം പരമർശിച്ചിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കൽ ഉൾപ്പെടെ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികളും സ്വീകരിക്കാറുണ്ട് പൊലീസ് അറിയിച്ചു.

നഗരം ശനിയാഴ്ച ആനന്ദ് ചതുർദശി ആഘോഷത്തിനായി ഒരുങ്ങുന്നതിനിടെയാണ് പൊലീസിന് തലവേദനയായി ബോംബ് ഭീഷണിലെത്തുന്നത്. 10ഓളം കമ്മീഷണർ റാങ്ക് ഉദ്യോഗസ്ഥർ, 40 ഡി.സി.പി റാങ്ക് ഉദ്യോഗസ്ഥർ, 3000 ഇൻസ്‌പെക്ടർമാർ,15,000കോൺസ്റ്റബിൾ മാർ എന്നിവരെ വിന്യസിച്ചാണ് സുരക്ഷാ വലയം ശക്തമാക്കിയത്. 14 കമ്പനി എസ്.ആർ.പി.എഫ്, മൂന്ന് ടീം കലാപ നിയന്ത്രണ സേന, നാല് കമ്പനി സി.എ.പി.എഫ് ഉൾപ്പെടെ സേനകൾ വിന്യസിച്ചു.