വാഷിംഗ്ടണ്‍ : ഇന്ത്യയ്‌ക്കെതിരെയുള്ള അമേരിക്കയുടെ നിലപാടില്‍ ട്രംപിനെ വിമര്‍ശിച്ച് മുന്‍ യുഎസ് എന്‍എസ്എയും പ്രസിഡന്റും ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായിരുന്ന ജോണ്‍ ബോള്‍ട്ടനും മുന്‍ ബൈഡന്‍ അഡ്മിനിസ്‌ട്രേഷനും. ന്യൂഡല്‍ഹിയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള പതിറ്റാണ്ടുകളുടെ ശ്രമങ്ങളെ ട്രംപ് തകര്‍ത്തെന്നും കുറ്റപ്പെടുത്തല്‍. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായെന്നും വിമര്‍ശനം.
അമേരിക്കയുടെ വളരെ പ്രധാനപ്പെട്ട ആഗോള പങ്കാളിയാണ് ഇന്ത്യയെന്നും ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. ഇന്ത്യയോടുള്ള നിലവിലെ ഭരണകൂടത്തിന്റെ നയങ്ങളെ നിഷിതമായി വിമര്‍ശിച്ച് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ബോള്‍ട്ടന്റെ പരാമര്‍ശം. ഫോറിന്‍ അഫയേഴ്‌സ് മാഗസിനില്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കര്‍ട്ട് കാംബെല്ലും ട്രംപിനെ നിഷിതമായി വിമര്‍ശിച്ചിരുന്നു.
ഇന്ത്യയുമായുള്ള ബന്ധം വഷളായതില്‍ ട്രംപിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. പരിഹരിക്കാന്‍ പ്രയാസമുള്ള പിളര്‍പ്പിലേക്കാണ് നിലവിലെ സ്ഥിതിഗതികള്‍ നീങ്ങുന്നതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ദി കേസ് ഓഫ് യുഎസ് ഇന്ത്യ അലൈന്‍ (സഖ്യം) എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വളരെക്കാലമായി നീണ്ടുനില്‍ക്കുന്ന വിശ്വാസം ഇല്ലാതായി. ന്യൂഡല്‍ഹിയെ കൂടുതല്‍ അടുപ്പിക്കേണ്ടതുണ്ട്. തെറ്റായ പ്രതീക്ഷകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും അവസരം നഷ്ടപ്പെട്ടതിനും കാരണമായി എന്നുമാണ് മുന്‍ ബൈഡന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. അമേരിക്കയുടെ എതിരാളികളുടെ കൈകളിലേക്ക് ഇന്ത്യയെ തള്ളിവിടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ അമേരിക്ക ഇടപെടേണ്ടതില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിന്ന് വാഷിങ്ടണ്‍ വിട്ട് നില്‍ക്കണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.
സമീപ വര്‍ഷങ്ങളില്‍ യുഎസ് നയതന്ത്രം ന്യൂഡല്‍ഹിയോട് വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരുന്നു. ഭീകരതയെ ചെറുക്കുന്നതിലും ആണവ, മിസൈല്‍ വ്യാപനം പരിമിതപ്പെടുത്തുന്നതിലും അമേരിക്കയ്ക്ക് പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന താത്പര്യങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ ആയിരുന്നില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാടകീയതകള്‍ പലപ്പോഴും ഡീല്‍ മേക്കിങ്ങിനെ ബാധിക്കുന്നു.
തിരിച്ചടികള്‍ ഉണ്ടായിരുന്നിട്ടും ഇരു രാജ്യങ്ങളും തമ്മില്‍ 10 വര്‍ഷത്തെ 'തന്ത്രപരമായ സഖ്യം' നിലനിര്‍ത്തിയിരുന്നു. കൂടുതല്‍ ദൃഢവും അഭിലാഷപൂര്‍ണവുമായ ഒരു അടിത്തറ സൃഷ്ടിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ, പ്രതിരോധം, വിതരണ ശൃംഖലകള്‍, ഇന്റലിജന്‍സ്, ആഗോള പ്രശ്‌നപരിഹാരം എന്നിവയില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ തന്ത്രപരമായ സഖ്യം നിലനിന്നിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു പരമ്പരാഗത പ്രതിരോധ ഉടമ്പടിയെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത ഒരു സഖ്യം.
ഇന്ത്യയും അമേരിക്കയും അഭിമാനകരവും സ്വതന്ത്രവുമായ രാജ്യങ്ങളാണ്. സഖ്യങ്ങള്‍ എന്നാല്‍ യോജിപ്പിനെയും പൊതുലക്ഷ്യത്തെയുമാണ് ലക്ഷ്യവയ്ക്കുന്നത്. പരമാധികാരം ത്യജിക്കുന്നതിനെക്കുറിച്ചല്ലെന്നും ഇന്ത്യയുമായുള്ള ബന്ധം തകരുന്നതില്‍ ആശങ്കാകുലനാണെന്നും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കര്‍ട്ട് കാംബെല്ലും വ്യക്തമാക്കി.
ഇന്ത്യയ്‌ക്കെതിരെയുള്ള അമേരിക്കയുടെ നിലപാടില്‍ ട്രംപിനെ വിമര്‍ശിച്ച് മുന്‍ ഉദ്യോഗസ്ഥര്‍
