ബെംഗളുരു / ന്യൂഡൽഹി : രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘത്തിൽ നിന്ന് 21 കോടി രൂപ വിലമതിക്കുന്ന 7 കിലോ ഗ്രാം വരുന്ന മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമായാണ് പ്രതികളെ പിടികൂടിയത്.
എ.എം. സുഹൈൽ (31), കെ.എസ്. സുജിൻ (32)എന്നിവരാണ് മലയാളികൾ. ഇവരുടെ വിലാസം പുറത്തുവന്നിട്ടില്ല. എം.ഡി. സഹീദ് (29), ഭാര്യ സുഹ ഫാത്തിമ (29) എന്നീ ബെംഗളൂരു സ്വദേശികളായ ദമ്പതികളും പിടിയിലായി.
ഡൽഹിയിൽ നിന്ന് ബെംഗളൂരു, കേരളം എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. സുഹൈലും സുജിനും ചേർന്നാണ് ബെംഗളൂരുവിലെ മയക്കുമരുന്ന് സംഘം നിയന്ത്രിച്ചിരുന്നത്. നൈജീരിയക്കാരാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
മയക്കുമരുന്നിന് അടിമയായ ആദ്യ ഭർത്താവ് വഴിയാണ് ഫാത്തിമ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് എത്തിയത്. പിന്നീട് സഹീദിനെ വിവാഹം ചെയ്ത ശേഷം സുഹൈലുമായി ചേർന്ന് ഇവർ ഇടപാടുകൾ നടത്തി. ഈ സംഘത്തിന് ഡൽഹി, ബെംഗളൂരു, കേരളം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ വിതരണ ശൃംഖലയുണ്ടായിരുന്നു.
വിദ്യാർഥികൾ, ഐടി പ്രൊഫഷണലുകൾ, യുവാക്കൾ എന്നിവരെയാണ് ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (ക്രൈം ബ്രാഞ്ച്) ഹർഷ് ഇന്തോറ പറഞ്ഞു. ക്രൈംബ്രാഞ്ച് യൂണിറ്റ് കുറച്ചുകാലമായി സുഹൈലിനെ നിരീക്ഷിച്ചുവരികയായിരുന്നു.
തുടർന്ന് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഒരു ഗസ്റ്റ് ഹൗസിൽ വെച്ചാണ് സുഹൈലിനെയും സുജിനെയും പിടികൂടിയത്. ഇവരിൽ നിന്ന് ആറ് കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ, ബെംഗളൂരുവിലെ മയക്കുമരുന്ന് വിതരണ സംഘത്തെക്കുറിച്ച് ഇവർ വെളിപ്പെടുത്തി. തുടർന്ന് പോലീസ് ബെംഗളൂരുവിൽ എത്തി ദമ്പതികൾ ഉൾപ്പെടെയുള്ളവരെ പിടികൂടുകയായിരുന്നു.