ന്യൂഡല്‍ഹി: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ ഉന്നത നേതൃത്വം ഇന്ത്യയെ സമീപിച്ചു. സംഘര്‍ഷത്തിന്റെ സമാധാനപരമായ പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു.
മോഡിയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും തമ്മിലുള്ള ഫോണ്‍ കോളില്‍ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ വേഗം പൂര്‍ത്തിയാക്കുന്നതിലും ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിച്ചു. വോണ്‍ ഡെര്‍ ലെയ്നും യൂറോപ്യന്‍ യൂണിയന്‍ കോളേജ് ഓഫ് കമ്മീഷണര്‍മാരും ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വര്‍ഷാവസാനത്തോടെ വ്യാപാര കരാര്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇരുപക്ഷവും നിശ്ചയിച്ചത്.
റഷ്യയുടെ ആക്രമണ യുദ്ധം അവസാനിപ്പിക്കുന്നതിലും സമാധാനത്തിലേക്കുള്ള പാത സൃഷ്ടിക്കാന്‍ സഹായിക്കുന്നതിലും ഇന്ത്യയ്ക്ക് പ്രധാന പങ്കുണ്ടെന്ന് സംഭാഷണത്തിനുശേഷം കോസ്റ്റയും വോണ്‍ ഡെര്‍ ലെയ്‌നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറഞ്ഞു. യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ഇടപെടലിനെ അവര്‍ സ്വാഗതം ചെയ്തു.
യുക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ പ്രാദേശിക, ആഗോള വിഷയങ്ങളില്‍ നേതാക്കള്‍ കാഴ്ചപ്പാടുകള്‍ കൈമാറിയതായി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള കുറിപ്പില്‍ അറിയിച്ചു.