പണമോ സൗജന്യ ഭക്ഷണമോ വേണ്ട: ബൈഡന്‍ കാലഘട്ടത്തിലെ എയര്‍ലൈന്‍ നഷ്ടപരിഹാര നിയമങ്ങള്‍ ട്രംപ് റദ്ദാക്കി

പണമോ സൗജന്യ ഭക്ഷണമോ വേണ്ട: ബൈഡന്‍ കാലഘട്ടത്തിലെ എയര്‍ലൈന്‍ നഷ്ടപരിഹാര നിയമങ്ങള്‍ ട്രംപ് റദ്ദാക്കി


വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധിയുടെ അവസാന ആഴ്ചകളില്‍ അവതരിപ്പിച്ച പദ്ധതി ഉപേക്ഷിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. എയര്‍ലൈന്‍ നഷ്ടപരിഹാര നിയമങ്ങളില്‍ പണമോ ഭക്ഷണമോ നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. 

വിമാനക്കമ്പനികള്‍ മൂലമുണ്ടാകുന്ന കാലതാമസത്തിനും റദ്ദാക്കലിനും വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ വ്യാഴാഴ്ചത്തെ ഫയലിംഗില്‍ യു എസ് ഗതാഗത വകുപ്പ് ഈ നിര്‍ദ്ദേശം പിന്‍വലിക്കുന്നത് വകുപ്പിന്റെയും ഭരണകൂടത്തിന്റെയും മുന്‍ഗണനകളുമായി പൊരുത്തപ്പെടുന്നതാണെന്ന് പറഞ്ഞു.

യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള യു എസ് നയത്തെ യൂറോപ്യന്‍ മാനദണ്ഡങ്ങളുമായി അടുപ്പിക്കാനാണ് ബൈഡന്റെ നിര്‍ദ്ദിഷ്ട നിയമം ശ്രമിച്ചത്. മെക്കാനിക്കല്‍ പ്രശ്നങ്ങളോ കമ്പ്യൂട്ടര്‍ തകരാറുകളോ കാരണം ആഭ്യന്തര വിമാനങ്ങള്‍ മൂന്ന് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാല്‍ എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് കുറഞ്ഞത് 200 ഡോളര്‍ നല്‍കേണ്ടിവരുമായിരുന്നു. ആറ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ വൈകിയാല്‍ പിഴ 375 മുതല്‍ 525 ഡോളര്‍ ആയും ഒമ്പത് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാല്‍ 775 ഡോളര്‍ വരെയും വര്‍ധിപ്പിച്ചിരുന്നു. 

യാത്രക്കാര്‍ ഒറ്റ രാത്രി് കുടുങ്ങിയാല്‍ മറ്റു വിമാനക്കമ്പനികളുടേത് ഉള്‍പ്പെടെ അടുത്ത ലഭ്യമായ വിമാനത്തില്‍ സൗകര്യപ്പെടുത്തുകയോ പണം, താമസം, ഭക്ഷണം, സൗജന്യ റീബുക്കിംഗ് എന്നിവയ്ക്കുള്ള വ്യവസ്ഥകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പതിവ് തടസ്സങ്ങളാല്‍ നിരാശരായ യാത്രക്കാര്‍ക്ക് 'ഗെയിം ചേഞ്ചര്‍' എന്നാണ് ബൈഡന്‍ ഭരണകൂടം ഈ നടപടിയെ വിശേഷിപ്പിച്ചത്.

വിമാനക്കമ്പനികള്‍ ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഈ വര്‍ഷം ആദ്യം ഒരു പൊതു അഭിപ്രായത്തില്‍ സ്പിരിറ്റ് എയര്‍ലൈന്‍സ് വാദിച്ചത് ഇത് പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുകയും ഉയര്‍ന്ന നിരക്കുകളിലേക്ക് നയിക്കുകയും ചെയ്യുമെന്നായിരുന്നു. സൗജന്യ ഭക്ഷണം ഇല്ലെന്നും സ്പിരിറ്റ് പറഞ്ഞു. അറ്റകുറ്റപ്പണി പ്രശ്‌നം കാരണം ഓരോ തവണയും ഒരു വിമാനം റദ്ദാക്കേണ്ടിവരുമ്പോള്‍ ബാധിതരായ ഓരോ യാത്രക്കാരനും 300 ഡോളര്‍, ഹോട്ടല്‍, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ളവ നല്‍കേണ്ടിവരുമ്പോള്‍ ഏതെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ മുന്‍കൂട്ടി വിമാനങ്ങള്‍ റദ്ദാക്കാനായിരിക്കും കമ്പനികള്‍ ശ്രമിക്കുകയെന്നും അവര്‍ പറഞ്ഞു. 

ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും ചാപ്റ്റര്‍ 11 പാപ്പരത്ത സംരക്ഷണത്തിനായി ഫയല്‍ ചെയ്ത സ്പിരിറ്റ് അടുത്ത മാസം ഒരു ഡസനോളം നഗരങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചു.

യുണൈറ്റഡ്, ഡെല്‍റ്റ, സൗത്ത് വെസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന വ്യാപാര ഗ്രൂപ്പായ എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്തു. 

യു എസിലെ എയര്‍ലൈനുകള്‍ നിലവില്‍ റദ്ദാക്കുകയോ ഗുരുതരമായ കാലതാമസങ്ങളുണ്ടാവുകയോ ചെയ്താല്‍ പരിമിതമായ സഹായം മാത്രമേ നല്‍കുന്നുള്ളൂ. സഹായത്തിന്റെ വ്യാപ്തിയാകട്ടെ പലപ്പോഴും വ്യക്തിഗത എയര്‍ലൈന്‍ നയങ്ങളെ ആശ്രയിച്ചാണ് ലഭിക്കുക. കൂടാതെ ഫെഡറല്‍ നിയമങ്ങളും യാത്രക്കാരുടെ സഹായത്തിനുണ്ടാകില്ല. യാത്രക്കാര്‍ സാധാരണയായി വിമാനത്താവളത്തില്‍ സഹായം അഭ്യര്‍ഥിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച വ്യോമയാന ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കുന്നത് തുടരുമെന്നും എന്നാല്‍ നിയമപരമായ അധികാരത്തിന് അതീതമായ ആവശ്യകതകള്‍ പുനഃപരിശോധിക്കുമെന്നും ഡിഒടി അറിയിച്ചു.