19 മണിക്കൂര്‍ ശ്രമിച്ചു; കുഴല്‍ കിണറില്‍ വീണ നാലു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാനായില്ല

19 മണിക്കൂര്‍ ശ്രമിച്ചു; കുഴല്‍ കിണറില്‍ വീണ നാലു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാനായില്ല


അംബാല: ഹരിയാനയിലെ അംബാല ജില്ലയില്‍ തുറന്നുകിടന്ന 220 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള 19 മണിക്കൂര്‍ നീണ്ട ദൗത്യം വിജയിച്ചില്ല. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

അംബാലയിലെ ധനൗറ ഗ്രാമത്തിലാണ് സംഭവം. നിരവൈര്‍ സിങ് എന്ന നാലുവയസ്സുകാരന്‍ പിതാവിനൊപ്പം വയലിലേക്ക് പോയതായിരുന്നു. മുത്തച്ഛന് ഭക്ഷണം എത്തിക്കാനെത്തിയ പിതാവ് ജോലിയില്‍ തിരക്കിലായിരിക്കെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അടപ്പില്ലാതിരുന്ന കുഴല്‍ കിണറിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.

സംഭവം അറിഞ്ഞ ഉടന്‍ കുടുംബാംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് സൈന്യം, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

കുട്ടി ഏകദേശം 220 അടി താഴ്ചയിലേക്ക് വീണെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. കുഴല്‍ കിണര്‍ മൂടാതെ ഉപേക്ഷിച്ച ഉടമയ്ക്കെതിരെ അശ്രദ്ധയ്ക്ക് നിയമനടപടി സ്വീകരിക്കുമെന്ന് അംബാല ഡെപ്യൂട്ടി കമ്മിഷണര്‍ അജയ് തോമര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ നിരവധി വെല്ലുവിളികളാണ് സംഘത്തിന് നേരിടേണ്ടിവന്നത്. ഏകദേശം 60 അടി താഴ്ചയില്‍ നിന്ന് കുഴല്‍ക്കിണറ്റിലേക്ക് വെള്ളം കയറിത്തുടങ്ങിയതോടെ കുട്ടി കുടുങ്ങിക്കിടന്ന ഭാഗത്ത് ജലനിരപ്പ് ക്രമേണ ഉയരുകയായിരുന്നു. ഇതിനിടെ കുട്ടി പതുക്കെ താഴേക്ക് നീങ്ങുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

മഴയും ഇളകിയ മണ്ണും രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കി. മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പലതവണ രക്ഷാപ്രവര്‍ത്തനത്തിന്റെ രീതി മാറ്റേണ്ടിവന്നതായി അധികൃതര്‍ വ്യക്തമാക്കി.