ബ്രിട്ടീഷുകാര്‍ കടത്തിയ 300 വര്‍ഷം പഴക്കമുള്ള ഗുരു ഗ്രന്ഥ് സാഹിബ് കൈയെഴുത്തുപ്രതി സ്‌കോട്ട്‌ലന്‍ഡില്‍; ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ പൊതുദര്‍ശനത്തിന്

ബ്രിട്ടീഷുകാര്‍ കടത്തിയ 300 വര്‍ഷം പഴക്കമുള്ള ഗുരു ഗ്രന്ഥ് സാഹിബ് കൈയെഴുത്തുപ്രതി സ്‌കോട്ട്‌ലന്‍ഡില്‍; ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ പൊതുദര്‍ശനത്തിന്


ഗ്ലാസ്ഗോ: ബ്രിട്ടീഷ് ഭരണകാലത്ത് സിഖ് സാമ്രാജ്യത്തില്‍ നിന്ന് കൊണ്ടുപോയതെന്ന് കരുതുന്ന 300 വര്‍ഷം പഴക്കമുള്ള ഗുരു ഗ്രന്ഥ് സാഹിബിന്റെ അപൂര്‍വ കൈയെഴുത്തുപ്രതി സ്‌കോട്ട്‌ലന്‍ഡിലെത്തിച്ചു. ഇന്ത്യയുടെ സ്‌കോട്ട്‌ലന്‍ഡിലെ കോണ്‍സുലേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രപ്രാധാന്യമുള്ള ഈ വിശുദ്ധ ഗ്രന്ഥം ഉടന്‍ തന്നെ ഗ്ലാസ്ഗോയിലെ സെന്‍ട്രല്‍ ഗുരുദ്വാരയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കും.

കോണ്‍സുലേറ്റ് ജനറലിന്റെ വിവരമനുസരിച്ച്, 1700-കളില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന ഈ കൈയെഴുത്തുപ്രതി ഒരുകാലത്ത് സിഖ് സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ഖരക് സിങ്ങിന്റെ ഉടമസ്ഥതയിലായിരുന്നു.

2020-ലാണ് എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ ആര്‍ക്കൈവില്‍ നിന്ന് ഈ അപൂര്‍വ കൈയെഴുത്തുപ്രതി കണ്ടെത്തിയത്. തുടര്‍ന്ന് വിശുദ്ധ ഗ്രന്ഥത്തിന് വിപുലമായ സംരക്ഷണ- പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് ഒരുക്കിയത്.

എഡിന്‍ബര്‍ഗിലെയും ഗ്ലാസ്ഗോയിലെയും ഗുരുദ്വാര പ്രതിനിധികളുമായി ചേര്‍ന്നാണ് ഗ്രന്ഥം സ്‌കോട്ട്‌ലന്‍ഡിലേക്ക് എത്തിച്ചതെന്ന് ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറല്‍ എക്സിലൂടെ അറിയിച്ചു.

ഗവേഷകരുടെ അഭിപ്രായത്തില്‍ 1848-ല്‍ പഞ്ചാബിലെ ദുല്ലേവാല കോട്ട ബ്രിട്ടീഷ് സൈന്യം കീഴടക്കിയപ്പോഴാണ് മഹാരാജ ഖരക് സിങ്ങിന്റെ ശേഖരത്തില്‍ നിന്ന് ഈ കൈയെഴുത്തുപ്രതി ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തിയത്.

പിന്നീട് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന സര്‍ ജോണ്‍ സ്‌പെന്‍സര്‍ ലോഗിന്‍ ഈ ഗ്രന്ഥം എഡിന്‍ബര്‍ഗ് സര്‍വകലാശാലയ്ക്ക് കൈമാറി. കൊളോണിയല്‍ ഭരണകാലത്ത് സിഖ് സാമ്രാജ്യത്തില്‍ നിന്ന് കോഹിനൂര്‍ വജ്രം ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയ്ക്ക് എത്തിച്ചതും ലോഗിനായിരുന്നു.

2020-ല്‍ സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ രേഖകളില്‍ സിഖ് പൈതൃകവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ അന്വേഷിച്ച ഗവേഷകരാണ് ഈ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള രേഖകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രന്ഥത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ എഡിന്‍ബര്‍ഗിലെ സിഖ് സമൂഹം പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയും സ്‌കോട്ട്‌ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ വിശുദ്ധ കൈയെഴുത്തുപ്രതി ദര്‍ശിക്കുകയും ചെയ്തിരുന്നു.

സിഖ് സമൂഹ സംഘടനയായ സിഖ് സന്‍ജോഗിന്റെ മാനേജിങ് ഡയറക്ടര്‍ തൃഷ്‌ന സിങ്, 300 വര്‍ഷം പഴക്കമുള്ള ഗുരു ഗ്രന്ഥ് സാഹിബ് ആദ്യമായി കണ്ട അനുഭവം 'വാക്കുകള്‍ക്കതീതവും വിസ്മയകരവും' ആയിരുന്നെന്ന് പ്രതികരിച്ചു.

അമൂല്യമായ ചരിത്രസ്മാരകം ഇത്രയും കാലം എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നുവെന്ന് സ്‌കോട്ട്‌ലന്‍ഡില്‍ 1930-കളുടെ അവസാനം മുതല്‍ താമസിച്ചിരുന്ന തന്റെ മാതാപിതാക്കളോ മുത്തച്ഛന്‍മാരോ പോലും അറിഞ്ഞിരുന്നില്ല എന്നത് തന്നെ വേദനിപ്പിച്ചുവെന്നും തൃഷ്‌ന സിങ് പറഞ്ഞു.