യു എസില്‍ അതിശക്ത ഉഷ്ണതരംഗ മുന്നറിയിപ്പ്; സ്വാതന്ത്ര്യദിന അവധിക്ക് മുമ്പ് 12 കോടി ആളുകള്‍ ജാഗ്രതാ മേഖലയില്‍

യു എസില്‍ അതിശക്ത ഉഷ്ണതരംഗ മുന്നറിയിപ്പ്; സ്വാതന്ത്ര്യദിന അവധിക്ക് മുമ്പ് 12 കോടി ആളുകള്‍ ജാഗ്രതാ മേഖലയില്‍


വാഷിങ്ടണ്‍: അമേരിക്കയില്‍ ജൂലൈ 4ലെ സ്വാതന്ത്ര്യദിന അവധിക്ക് മുന്നോടിയായി അതിശക്തമായ ഉഷ്ണതരംഗം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. പകല്‍ കടുത്ത ചൂടും ഉയര്‍ന്ന ഈര്‍പ്പവും രാത്രിയിലും കുറയാത്ത ഉയര്‍ന്ന താപനിലയും രാജ്യത്തിന്റെ വിശാലമായ മേഖലകളെ ബാധിക്കുമെന്നാണ് അമേരിക്കന്‍ ദേശീയ കാലാവസ്ഥാ സേവനത്തിന്റെ പ്രവചനം.

നിലവില്‍ രാജ്യത്താകെ ഏകദേശം 12 കോടി ആളുകള്‍ അതിതീവ്ര ചൂടിനുള്ള മുന്നറിയിപ്പിന് കീഴിലാണെന്ന് അധികൃതര്‍ അറിയിച്ചു.

അമേരിക്കയുടെ കിഴക്കന്‍ തീരം മുതല്‍ മധ്യഭാഗങ്ങള്‍ വരെയുള്ള വിശാലമായ പ്രദേശങ്ങളെയാണ് ഉഷ്ണതരംഗം ബാധിക്കുക. അന്തരീക്ഷത്തില്‍ രൂപപ്പെട്ട 'ഹീറ്റ് ഡോം' പ്രതിഭാസമാണ് അതിശക്തമായ ചൂടിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

വ്യാഴാഴ്ചയോടെ മിഡ്വെസ്റ്റിലും മിസിസിപ്പി താഴ്വരയിലും ചൂട് ഏറ്റവും രൂക്ഷമാകുമെന്നും തുടര്‍ന്ന് ഒഹായോ താഴ്വരയിലേക്കും കിഴക്കന്‍ തീരപ്രദേശങ്ങളിലേക്കും വ്യാപിച്ച് അവധിക്കാലത്തുടനീളം തുടരുമെന്നും എന്‍ ഡബ്ല്യു എസ് അറിയിച്ചു.

ബാധിത പ്രദേശങ്ങളില്‍ താപനില 35 മുതല്‍ 40.6 ഡിഗ്രി സെല്‍ഷ്യസ് (95- 105 ഫാരന്‍ഹീറ്റ്) വരെ ഉയരുമെന്നാണ് പ്രവചനം. ഉയര്‍ന്ന ഈര്‍പ്പം കൂടി ചേരുന്നതോടെ അനുഭവപ്പെടുന്ന ചൂട് 38 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് (100- 115 ഫാരന്‍ഹീറ്റ്) വരെയാകാനും സാധ്യതയുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ പ്രതിദിന താപനില റെക്കോര്‍ഡുകള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ മാസത്തിലെയും ചരിത്രത്തിലെയും ഉയര്‍ന്ന താപനിലയും രേഖപ്പെടുത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.

ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളിലോ സര്‍ക്കാര്‍ സജ്ജമാക്കിയ തണല്‍ കേന്ദ്രങ്ങളിലോ കഴിയാന്‍ ശ്രമിക്കണമെന്നുമാണ് അധികൃതരുടെ നിര്‍ദേശം.

ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനി നഗരത്തില്‍ ഹീറ്റ് എമര്‍ജന്‍സി പ്ലാന്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നൂറുകണക്കിന് തണല്‍ കേന്ദ്രങ്ങള്‍ (കൂളിംഗ് സെന്ററുകള്‍) ബുധനാഴ്ച മുതല്‍ തുറക്കും. 

മിഷിഗണിലെ ഡെട്രോയിറ്റിലും താപനില 38 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തുമെന്ന പ്രവചനത്തെ തുടര്‍ന്ന് എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഒരു ഡസനിലധികം വിനോദകേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്.

അതിശക്തമായ ചൂട് ഫിഫ ലോകകപ്പ് മത്സരങ്ങളെയും ബാധിച്ചേക്കുമെന്നാണ് ആശങ്ക. ചില മത്സരവേദികളില്‍ കളിക്കാര്‍ക്ക് സുരക്ഷിതമെന്ന് കണക്കാക്കുന്ന പരിധിയേക്കാള്‍ ഉയര്‍ന്ന 'ഹീറ്റ് ഇന്‍ഡക്‌സ്' രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ആഗോള ഫുട്‌ബോള്‍ താരസംഘടനയായ ഫിഫ്‌പ്രൊ ചൂണ്ടിക്കാട്ടി.

ടെക്‌സസിലെ ഹൂസ്റ്റണിലും ആര്‍ലിങ്ടണിലുമുള്ള മത്സരവേദികളിലേക്ക് എത്തുന്ന ആരാധകരെയാണ് ഏറ്റവും കൂടുതല്‍ ചൂട് ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. 

ഫിലാഡല്‍ഫിയയില്‍ ലോകകപ്പ് ആരാധക മേളയുടെ (ഫാന്‍ ഫെസ്റ്റ്) ചില പരിപാടികള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തണുപ്പിച്ച ടെന്റുകളിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കയ്ക്ക് പുറമെ കാനഡയിലും ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. ഒന്റാറിയോ പ്രവിശ്യയില്‍ ഈ ആഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം.

ടൊറന്റോയില്‍ വ്യാഴാഴ്ച ലോകകപ്പ് മത്സരം നടക്കാനിരിക്കെ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ ഒന്റാറിയോയില്‍ മൂന്ന് ഘട്ട മുന്നറിയിപ്പ് സംവിധാനത്തിലെ രണ്ടാംഘട്ടമായ ഓറഞ്ച് ഹീറ്റ് വാര്‍ണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. മോണ്‍ട്രിയല്‍ ഉള്‍പ്പെടെയുള്ള മധ്യ- കിഴക്കന്‍ ഒന്റാറിയോ മേഖലകളിലും ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതിനാല്‍ യെല്ലോ ഹീറ്റ് വാണിംഗും നിലവിലുണ്ട്.