വാഷിംഗ്ടണ്‍: അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക്കിന്റെ ഏറ്റവും ശക്തമായ എ ഐ മോഡലുകളായ ക്ലോഡ് ഫേബിള്‍ 5, മൈത്തോസ് 5 എന്നിവയ്ക്ക് വിദേശ ഉപയോക്താക്കള്‍ക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അമേരിക്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ വ്യാഴാഴ്ച മുതല്‍ മോഡലുകളിലേക്കുള്ള പ്രവേശനം വീണ്ടും പുനഃസ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.
അമേരിക്കന്‍ വാണിജ്യ വകുപ്പാണ് കയറ്റുമതി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ആന്ത്രോപിക്കിനെ അറിയിച്ചത്. തുടര്‍ന്ന് എക്സ് പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മോഡലുകള്‍ വീണ്ടും വിന്യസിക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും ഉപയോക്താക്കളുടെ ക്ഷമയ്ക്കും കമ്പനി നന്ദി അറിയിച്ചു.
ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ച യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്ട്നിക്കിന്റെ കത്ത് പ്രകാരം എ ഐ മോഡലുകളുമായി ബന്ധപ്പെട്ട സുരക്ഷാ അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി പരിഹരിക്കാനും ഭാവിയിലെ എ ഐ മോഡലുകള്‍ക്കായുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സര്‍ക്കാരുമായി സഹകരിക്കാനും ദുരുപയോഗ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ സര്‍ക്കാരിനെ അറിയിക്കാനും ആന്ത്രോപിക് സമ്മതിച്ചതിനെ തുടര്‍ന്നാണ് കയറ്റുമതി ലൈസന്‍സ് നിര്‍ബന്ധം ഒഴിവാക്കിയത്.
കഴിഞ്ഞ മാസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആന്ത്രോപിക് വിദേശ പൗരന്മാര്‍ക്കും വിദേശത്തുള്ള സ്വന്തം ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ക്ലോഡ് ഫേബിള്‍ 5, മൈത്തോസ് 5 മോഡലുകളിലേക്കുള്ള പ്രവേശനം പെട്ടെന്ന് നിര്‍ത്തിവെച്ചിരുന്നു.
അന്ന് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മാത്രമാണ് സര്‍ക്കാര്‍ ഉന്നയിച്ചതെന്നും പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ലെന്നും കമ്പനി പറഞ്ഞിരുന്നു. ഫേബിള്‍ 5 മോഡലിലെ ചില സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകളാകാം തീരുമാനത്തിന് പിന്നിലെന്നാണ് ആന്ത്രോപിക്കിന്റെ വിലയിരുത്തല്‍.
അമേരിക്കയിലെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ എ ഐ മോഡലുകള്‍ ഉപയോഗിക്കാന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നുവെന്ന് ആന്ത്രോപിക് കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ട്രംപ് ഭരണകൂടവും ആന്ത്രോപിക്കും തമ്മിലുള്ള ബന്ധത്തില്‍ അടുത്തകാലത്തായി നിരവധി അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു.
മാര്‍ച്ചില്‍, വ്യക്തമായ സുരക്ഷാ ഉറപ്പുകള്‍ ഇല്ലാതെ അമേരിക്കന്‍ സൈന്യവുമായി സഹകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രതിരോധ വകുപ്പ് കമ്പനിയെ 'വിതരണ ശൃംഖലാ അപകടസാധ്യത' ആയി വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ ആന്ത്രോപിക് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
രണ്ടാം തവണ അധികാരത്തിലെത്തിയപ്പോള്‍ എ ഐ മേഖലയ്ക്ക് കുറഞ്ഞ നിയന്ത്രണമാണ് ട്രംപ് ഭരണകൂടം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അടുത്തകാലത്ത് അത്യാധുനിക എ ഐ മോഡലുകളുടെ പുറത്തിറക്കലില്‍ സര്‍ക്കാര്‍ മേല്‍നോട്ടം ശക്തമാക്കിയിട്ടുണ്ട്.
ഓപ്പണ്‍ എ ഐയും കഴിഞ്ഞയാഴ്ച തങ്ങളുടെ പുതിയ ജിപിടി 5.6 മോഡല്‍ ആദ്യഘട്ടത്തില്‍ 'വിശ്വസ്ത പങ്കാളികള്‍ക്ക്' മാത്രമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഘട്ടംഘട്ടമായി മോഡല്‍ പുറത്തിറക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആന്ത്രോപിക്കിന്റെ മോഡലുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുമെന്ന് സാങ്കേതിക മേഖല നേരത്തേ പ്രതീക്ഷിച്ചിരുന്നുവെന്ന് സിഡ്‌നി സര്‍വകലാശാലയിലെ എ ഐ, ട്രസ്റ്റ് ആന്റ് ഗവേണനന്‍സ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ ബൈലോ പറഞ്ഞു.
ഫേബിള്‍ 5 മോഡലിനെ 'ജയില്‍ബ്രേക്ക്' ചെയ്യാന്‍ കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുടെ പ്രാധാന്യം അമിതമായി ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നുവെന്നും നിയന്ത്രണം തുടര്‍ന്നാല്‍ എതിരാളി കമ്പനികളുടെ സമാന എ ഐ മോഡലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ എ ഐ കമ്പനിയായ സോഫോണ്ടിന്റെ മേധാവിയും മുന്‍ സ്റ്റാബിലിറ്റി എ ഐ ഗവേഷണ ഡയറക്ടറുമായ തനിഷ്‌ക് എബ്രഹാം, സര്‍ക്കാരിന്റെ പുതിയ തീരുമാനം എ ഐ വ്യവസായത്തിന്റെ ഭാവി നിയന്ത്രണങ്ങള്‍ക്ക് നിര്‍ണായക മാതൃകയാകുമെന്ന് പറഞ്ഞു.
അത്യാധുനികമായ ഓരോ എ ഐ മോഡലും പുറത്തിറക്കുന്നതിനും അമേരിക്കന്‍ സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാകുമോ എന്നതാണ് ഇനി ഉയരുന്ന പ്രധാന ചോദ്യമെന്നും ജിപിടി 5.6 പുറത്തിറക്കലിലും സമാന സമീപനത്തിന്റെ സൂചനകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
