വിമാനങ്ങളുടെ ദൗര്‍ലഭ്യം: ഇന്ത്യ-യുഎസ് റൂട്ടിലെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ താല്‍ക്കാലികമായി വെട്ടിച്ചിരുക്കുന്നു

വിമാനങ്ങളുടെ ദൗര്‍ലഭ്യം: ഇന്ത്യ-യുഎസ് റൂട്ടിലെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ താല്‍ക്കാലികമായി വെട്ടിച്ചിരുക്കുന്നു


മുംബൈ: അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി കയറ്റിയ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരികെ വരാന്‍ വൈകുന്നതോടെ ഇന്ത്യ-യുഎസ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ നീക്കം. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ട സര്‍വീസുകളാണ് താല്‍ക്കാലികമായി ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-യു.എസ്  റൂട്ടില്‍ 60 വിമാനങ്ങള്‍ റദ്ദാക്കുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിവരം.

അറ്റകുറ്റപ്പണികളും വിതരണശൃംഖലയിലെ പരിമിതികളുംമൂലം ചിലവിമാനങ്ങള്‍ തിരിച്ചെത്താന്‍ വൈകിയതോടെ കുറച്ചു വിമാനങ്ങള്‍ റദ്ദാക്കുകയാണെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയിറക്കി. യാത്രക്കാരെ വിവരമറിയിച്ചിട്ടുണ്ടെന്നും ആ ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ ഉള്ള എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ മറ്റുവിമാനങ്ങളില്‍ ഇവര്‍ക്കുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്.

ഡല്‍ഹി-ഷിക്കാഗോ റൂട്ടില്‍ 14, ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടില്‍ 28, ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ റൂട്ടില്‍ 12, മുംബൈ-ന്യൂയോര്‍ക്ക് റൂട്ടില്‍ നാല്, ഡല്‍ഹി-ന്യൂവാര്‍ക്ക് റൂട്ടില്‍ രണ്ടുവീതം സര്‍വീസുകളാണ് റദ്ദാക്കിയത്.