വെള്ളിയാഴ്ച നമാസ് ബ്രേക്ക് നല്‍കാതെ അസം നിയമസഭാ സമ്മേളനം

വെള്ളിയാഴ്ച നമാസ് ബ്രേക്ക് നല്‍കാതെ അസം നിയമസഭാ സമ്മേളനം


ദിസ്പുര്‍: മുസ്‌ലിം നിയമസഭാ അംഗങ്ങള്‍ക്ക് വെള്ളിയാഴ്ചകളില്‍ നമാസിന് സൗകര്യമൊരുക്കാന്‍ രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യം ഒഴിവാക്കി അസം നിയമസഭ. ബജറ്റ് സമ്മേളനത്തിനിടെയാണ് നമാസിന് അവസരം നിഷേധിച്ചത്.  

ഓഗസ്റ്റില്‍ സഭയുടെ അവസാന സമ്മേളനത്തിലാണ് ഇടവേള ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. അതാണിപ്പോള്‍ നടപ്പിലാക്കിയത്. 

അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എഐയുഡിഎഫ് എംഎല്‍എ റഫീഖുല്‍ ഇസ്ലാം പറഞ്ഞു. 

സഭയില്‍ ഏകദേശം 30 മുസ്ലീം എം എല്‍ എമാരുണ്ടെന്നും ഈ നീക്കത്തിനെതിരെ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി ജെ പി കൂടുതല്‍  അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

മുസ്ലിം എം എല്‍ എമാര്‍ക്ക് വെള്ളിയാഴ്ചകളില്‍ സമീപത്ത് 'നമാസ്' നടത്താന്‍ വ്യവസ്ഥ ചെയ്യാമെന്ന് കോണ്‍ഗ്രസിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.

തന്റെ നിരവധി പാര്‍ട്ടി സഹപ്രവര്‍ത്തകരും എഐയുഡിഎഫ് എംഎല്‍എമാരും നമാസിന് പോയതിനാല്‍ പ്രധാനപ്പെട്ട ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതായും വെള്ളിയാഴ്ചകളില്‍ മാത്രം പ്രത്യേക പ്രാര്‍ഥന ആവശ്യമുള്ളതിനാല്‍ സമീപത്ത് തന്നെ അതിനുള്ള ഒരു വ്യവസ്ഥ ഉണ്ടാക്കണമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ മതേതര സ്വഭാവം കണക്കിലെടുത്ത് അസം നിയമസഭ മറ്റ് ഏതൊരു ദിവസത്തെയും പോലെ വെള്ളിയാഴ്ചകളിലും അതിന്റെ നടപടികള്‍ നടത്തണമെന്ന് സ്പീക്കര്‍ ബിശ്വജിത് ഡൈമറി നിര്‍ദ്ദേശിക്കുകയും അത് റൂള്‍സ് കമ്മിറ്റിക്ക് മുന്നില്‍ വയ്ക്കുകയും ഏകകണ്ഠമായി പാസാക്കുകയും ചെയ്തു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. 1937ല്‍ മുസ്ലീം ലീഗിന്റെ സയ്യിദ് സാദുള്ള അവതരിപ്പിച്ച ആചാരമാണിതെന്നും ഇടവേള നിര്‍ത്തലാക്കാനുള്ള തീരുമാനം 'ഉത്പാദനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കുകയും മറ്റൊരു കൊളോണിയല്‍ അവശിഷ്ടം ഇല്ലാതാക്കുകയും ചെയ്തു' എന്നും പ്രസ്താവിച്ചു.