ബംഗളൂരു: അസം സ്വദേശിയായ വ്‌ളോഗര്‍ കൊല്ലപ്പെട്ട കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആറു മാസമായി അടുപ്പത്തിലായിരുന്ന മായ ഗൊഗോയിയെന്ന അസമീസ് യുവതിയെയാണ് കണ്ണൂര്‍ സ്വദേശിയായ ആരവ് ഹാനോയ് കൊലപ്പെടുത്തിയത്. ഇരുപത്തിയൊന്നുകാരനായ ആരവ് ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറായിരുന്നു.
ആരവ് പൊലീസിനെ ഫോണില്‍ വിളിച്ച് കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കര്‍ണാടക പൊലീസ് ഉത്തരേന്ത്യയില്‍ നിന്നും ആരവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചൊവാഴ്ചയായിരുന്നു ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിംഗ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ മായയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ദേഹമാസകലം കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ യുവതിയെ കണ്ടെത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഓണ്‍ലൈന്‍ വഴി വാങ്ങിയ പ്ലാസ്റ്റിക് കയറും പൊലീസ് കണ്ടെത്തിയിരുന്നു. താമസ സ്ഥലത്തു നിന്ന് ആരവ് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശൃങ്ങളും ലഭിച്ചിരുന്നു.