ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബി ജെ പി നിയമസഭാ കക്ഷി യോഗം ബുധനാഴ്ചയിലേക്ക് നീട്ടി. ഫെബ്രുവരി 20ന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. ഇരുപത്താറു വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ നേടിയ വിജയമായതിനാല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കാനായിരുന്നു ബി ജെ പിയുടെ തീരുമാനം. എന്നാല്‍, ഡല്‍ഹി റെയ്ല്‍വേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കുമെന്നാണു റിപ്പോര്‍ട്ട്.
തിങ്കളാഴ്ച വൈകിട്ടു മൂന്നിന് യോഗം ചേരുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീടാണ് ബുധനാഴ്ചയിലേക്ക് നീട്ടിയത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ എ എ പി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മയാണു മുഖ്യമന്ത്രി സ്ഥാനത്തേക്കു സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒന്നാമന്‍. മുഖ്യമന്ത്രി അതിഷിയോട് കല്‍ക്കാജിയില്‍ പരാജയപ്പെട്ട മുതിര്‍ന്ന നേതാവ് രമേഷ് ബിധുരി, മനോജ് തിവാരി എം പി, കപില്‍ മിശ്ര, ആശിഷ് സൂദ്, രേഖ ഗുപ്ത, വിജേന്ദര്‍ ഗുപ്ത എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
എന്നാല്‍ ബി ജെ പി നേതൃത്വം സൂചനകളൊന്നും നല്‍കിയിട്ടില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ആരും പ്രതീക്ഷിക്കാത്തവരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് അമ്പരപ്പുണ്ടാക്കിയിരുന്നു ബി ജെ പി നേതൃത്വം. ഡല്‍ഹിയിലും ഈ നീക്കം തുടരുമോ എന്ന് വ്യക്തമല്ല.