ന്യൂഡല്‍ഹി : 1989ലെ റെയില്‍വേ നിയമ പ്രകാരം ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന് അവകാശം നല്‍കുന്നുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ പറഞ്ഞു. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസിലും, ഗരീബ് രഥ് / രാജധാനി/ ഡുറോന്റോ എന്നീ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളിലെ 3എസി ക്ലാസിലും ആറ് ബെര്‍ത്തുകള്‍ വീതമാണ് സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ലീപ്പര്‍ ക്ലാസില്‍ ഒരു കോച്ചില്‍ ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകള്‍, 3അഇയില്‍ ഓരോ കോച്ചിലും നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകള്‍, 2അഇ ക്ലാസുകളില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകള്‍ എന്നിങ്ങനെ മുതിര്‍ന്ന പൗരന്മാര്‍ക്കും, 45 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും, ഗര്‍ഭിണികള്‍ക്കും റിസര്‍വേഷന്‍ ചെയ്തിട്ടുണ്ട്. മിക്ക ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും സെക്കന്‍ഡ് ക്ലാസ് കം ലഗേജ് കം ഗാര്‍ഡ്‌സ് കോച്ചുകളില്‍ (എസ്എല്‍ആര്‍) സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.
സ്ത്രീ യാത്രക്കാര്‍ക്ക് ആവശ്യാനുസരണം എക്‌സ്‌ക്ലൂസീവ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍/കംപാര്‍ട്ട്‌മെന്റുകള്‍ സൗജന്യമാക്കും. 'ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നുമ്ട്, ഇക്കാര്യം അവലോകനം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഇക്കാര്യങ്ങള്‍ എല്ലാം തുടര്‍ച്ചയായി ചെയ്തുവരികയാണ്,' വൈഷ്ണവ് പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗവണ്‍മെന്റ് റെയില്‍വേ പൊലീസും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്) പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് റെയില്‍ മദദ് പോര്‍ട്ടലില്‍ വഴിയോ, ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 139 വഴിയോ പരാതി നല്‍കാമെന്നും സഹായം അഭ്യര്‍ഥിക്കാമെന്നും വൈഷ്ണവ് വ്യക്തമാക്കി.
മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് ഉപയോഗം എന്നിവയ്‌ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കാന്‍ യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനായി പബ്ലിക് അഡ്രസ് സിസ്റ്റം വഴി പതിവായി അറിയിപ്പുകള്‍ നല്‍കുന്നു. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കോച്ചുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ദീര്‍ഘദൂര ട്രെയിനുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റെയില്‍വേയുടെ 'മേരി സഹേലി' സംരംഭത്തെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യാത്രയില്‍ സ്ത്രീകള്‍ക്ക് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് വനിതാ സിപിആര്‍എഫ് ഉദ്യോഗസ്ഥര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് നല്‍കുന്ന ബോധവല്‍ക്കരണമാണ് മേരി സഹേലി സംരംഭം.
ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ റിസര്‍വേഷന്‍; വന്‍ പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി
