പഹല്‍ഗാം ആക്രമണ നടപടികളില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു; ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ കേസ്

പഹല്‍ഗാം ആക്രമണ നടപടികളില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു; ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ കേസ്


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവെച്ച ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ റാത്തോഡ് നടത്തിയ അഭിപ്രായങ്ങളില്‍ നിന്നാണ് കുറ്റം ചുമത്തിയത്. ഏപ്രില്‍ 23ന് എഴുതിയ ഒരു പോസ്റ്റില്‍ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജാതിയും മതവും ചൂഷണം ചെയ്യുന്നുവെന്ന് റാത്തോഡ് ആരോപിച്ചു. പുല്‍വാമ ആക്രമണം വോട്ടുകള്‍ നേടാന്‍ ഉപയോഗിച്ചുവെന്നും പഹല്‍ഗാം സംഭവത്തെ തുടര്‍ന്ന് സമാനമായ ഒരു വിവരണം നിര്‍മ്മിക്കപ്പെടുമെന്നും റാത്തോഡ് പറഞ്ഞു.

ഏപ്രില്‍ 22ന് 26 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഏപ്രില്‍ 19ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജമ്മു സന്ദര്‍ശനം മാറ്റിവച്ചതിനെ അവര്‍ നിരവധി പോസ്റ്റുകളില്‍ ചോദ്യം ചെയ്തു. 

 'ഭീകര ആക്രമണങ്ങള്‍ സര്‍ക്കാരിന്റെ പരാജയങ്ങളാണ്, അധികാരത്തിലിരിക്കുന്നവര്‍ ഉത്തരവാദിത്വമേല്‍ക്കണം' തുടങ്ങി സര്‍ക്കാരിനെ ചോദ്യം ചെയ്ത പോസ്റ്റുകളാണ് കേസിന് കാരണമായത്. 

കവി അഭയ് പ്രതാപ് സിംഗ് സമര്‍പ്പിച്ച പരാതിയില്‍ റാത്തോഡ് തന്റെ പോസ്റ്റുകളിലൂടെ സാമുദായിക ഐക്യവും ദേശീയ അഖണ്ഡതയും തകര്‍ത്തുവെന്ന് ആരോപിച്ചു. 

ഭീകരാക്രമണത്തിനെതിരെ ദേശീയ വികാരം ഏകീകരിക്കപ്പെട്ടിരിക്കുന്ന സമയത്ത്, മതസമൂഹങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ റാത്തോഡിന്റെ പോസ്റ്റുകള്‍ക്ക് കഴിയുമെന്നും അവരുടെ പ്രസ്താവനകള്‍ പൊതു സമാധാനത്തെ തകര്‍ക്കുമെന്നും സിംഗ് തന്റെ പരാതിയില്‍ ആരോപിച്ചു.

തനിക്കെതിരെയുള്ള എഫ് ഐ ആറിന് റാത്തോഡ് എക്‌സില്‍ മറുപടി പോസ്റ്റ് ചെയ്തു. 'പഹല്‍ഗാം ആക്രമണത്തില്‍ സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചത്? എനിക്കെതിരെ ഒരു എഫ്ഐആര്‍? ധൈര്യമുണ്ടെങ്കില്‍, തീവ്രവാദികളുടെ തലകള്‍ തിരികെ കൊണ്ടുവരിക! എനിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നത് യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു ശ്രമം മാത്രമാണ്- ഇത് മനസ്സിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോ?' എന്നായിരുന്നു റാത്തോഡിന്റെ പോസ്റ്റ്. 

സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളെ വിമര്‍ശിക്കുന്ന ഭോജ്പുരി ഗാനങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന രാഷ്ട്രീയ ആക്ഷേപഹാസ്യകാരിയും നാടോടി ഗായികയുമാണ് നേഹ സിംഗ് റാത്തോഡ്. 1997ല്‍ ബീഹാറിലെ ജന്ദാഹയില്‍ ജനിച്ച അവര്‍ 2018 ല്‍ കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്ന് സയന്‍സ് ബിരുദം നേടി. 2019ല്‍ തന്റെ മൊബൈല്‍ ഫോണില്‍ നാടോടി ഗാനങ്ങള്‍ റെക്കോര്‍ഡു ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അവര്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഭോജ്പുരി കവികളായ ഭിഖാരി താക്കൂറിനെയും മഹേന്ദര്‍ മിസിറിനെയും പ്രചോദനമായി ഉദ്ധരിച്ചു.

2020 മെയ് മാസത്തില്‍ റാത്തോഡ് തന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചു. കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ എടുത്തുകാണിക്കുന്നതിനായാണ് ഇത് ആരംഭിച്ചത്. 2020 ഒക്ടോബറോടെ അവരുടെ രാഷ്ട്രീയ ആക്ഷേപഹാസ്യം ശ്രദ്ധ നേടുകയും 2021 ആയപ്പോഴേക്കും  ഒരു ലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുണ്ടാവുകയും ചെയതു. 'ബിഹാര്‍ മേം കാ ബാ' (2020), 'യു പി മേം കാ ബാ?' (2022), 'എം പി മേം കാ ബാ?' (2023) തുടങ്ങിയ അവരുടെ ഗാനങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ഭരണ പരാജയങ്ങളെയും സാമൂഹിക പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തതിലൂടെ ജനപ്രിയമായി.