വാഷിംഗ്ടണ്‍ : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് രൂക്ഷമായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ഭിന്നതയില്‍ നിലപാട് വ്യക്തമാക്കി യുഎസ് രംഗത്ത്. ഇരു രാജ്യങ്ങളോടും ഉത്തരവാദിത്തപരമായ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യയ്ക്കുള്ള പിന്തുണ യുഎസ് ആവര്‍ത്തിച്ചു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 22ലെ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരു സര്‍ക്കാരുകളുമായും വിവിധ തലങ്ങളില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഈ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെതിരെ ഇന്ത്യ നയതന്ത്ര തലത്തില്‍ വിവിധ തരത്തിലുള്ള തിരിച്ചടികള്‍ നല്‍കി തുടങ്ങിയത്.
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ തീവ്രവാദികളെയും ഗൂഢാലോചനക്കാരെയും തിരിച്ചറിയാനും കണ്ടെത്താനും ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു. പാകിസ്താന്‍ പ്രത്യാക്രമണ നീക്കങ്ങളിലൂടെ പ്രതികരിക്കുകയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്ന വേളയില്‍ അവരുടെ മന്ത്രി ഇന്ത്യയ്‌ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയെന്നതും സംഘര്‍ഷത്തിന്റെ ആഴം കൂട്ടുന്നു.
'ഇത് വളര്‍ന്നുവരുന്ന ഒരു സാഹചര്യമാണ്, ഞങ്ങള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്' യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന് അയച്ച ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. 'ഉത്തരവാദിത്തപരമായ ഒരു പരിഹാരത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ കക്ഷികളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുന്നു' പ്രസ്താവന പറയുന്നു.
പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ അമേരിക്ക അപലപിച്ചതായും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ആവര്‍ത്തിച്ചു, വാഷിംഗ്ടണ്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും പറഞ്ഞു. വിഷയത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെയും പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണ് വക്താവ് ചെയ്തത്
'ഉത്തരവാദിത്തപരമായ പരിഹാരത്തിനായി ശ്രമിക്കണം' ; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി യുഎസ്
