ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിര്‍ണായക വിവരങ്ങളുമായി എന്‍ഐഎ. കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് പാക് പാരാ കമാന്‍ഡോ ഹാഷിം മൂസയെന്ന് എന്‍ഐഎ. ഇയാള്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓപ്പറേഷന്‍ തലവനെന്നും എന്‍ഐഎ അറിയിച്ചു. ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥനെയും, മൂന്ന് സെക്യൂരിറ്റി ഗാര്‍ഡിനെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ബൈസരണ്‍വാലിയിലെ സിപ്പ്‌ലൈന്‍ ഓപ്പറേറ്ററേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിര്‍ത്തിയില്‍ പാക്കിസ്താന്‍ സൈനികര്‍ പ്രകോപനം തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം, ഇന്ത്യയുടെ ഭാഗത്ത് നിന്ന് മിന്നലാക്രമണം പ്രതീക്ഷിച്ച് സൈന്യബലം കൂട്ടിയെന്ന് പാക് പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പാകിസ്താന്‍ സൈനികര്‍ നിയന്ത്രണരേഖയിലെ വിവിധ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ്പ് നടത്തിവരികയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ ഫ്രാന്‍സുമായി 63,000 കോടിയുടെ കരാറൊപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി 26 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകും. ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ വെച്ച് നടന്ന വെടിവെപ്പില്‍ മലയാളിയടക്കം 26പേര്‍ കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പാക് പാരാ കമാന്‍ഡോ ഹാഷിം മൂസ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓപ്പറേഷന്‍ തലവനെന്ന് എന്‍ഐഎ
