ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനു നേരെ ഡല്‍ഹി പൊലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ ചൊവ്വാഴ്ച വൈകിട്ട് കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത സമരം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കേരള മുഖ്യമന്ത്രി വി ഡി സതീശനും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മന്ത്രി പി സി വിഷ്ണുനാഥ്, എം പിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, വി കെ ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സി ജെ പി നേതാവ് അഭിജിത് ദീപ്കെയും സമരവേദിയില്‍ ഉണ്ട്.
ഉച്ചയ്ക്ക് 10 രാജാജി മാര്‍ഗിലെ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ പ്രകടനമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള 7 ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു കോണ്‍ഗ്രസിന്റെ ഈ നീക്കം. പ്രധാനമന്ത്രിയുടെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ സമരം.
അതേസമയം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം ഡല്‍ഹി പൊലീസ് തുടങ്ങിയിട്ടുണ്ട്. മന്ത്രി പി സി വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ് എം പി എന്നിവരെ അറസ്റ്റു ചെയ്ത് നീക്കി. റോഡിലൂടെ വലിച്ചിഴച്ചാണ് ഡീനിനെ അറസ്റ്റു ചെയ്തതെന്നാണ് വിവരം. അതീവസുരക്ഷാ മേഖലയാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന ലോക് കല്യാണ്‍ മാര്‍ഗ്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാതയിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. അതിനാല്‍ ഡല്‍ഹി പൊലീസ് കനത്ത നടപടിയിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും എസ് പി ജി, ബി എസ് എഫ് എന്നീ സേനകള്‍ സുരക്ഷാവലയം തീര്‍ത്തു.
ഇതിനിടെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സ്ഥലത്തെത്തി. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച അദ്ദേഹം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം മടങ്ങി. ആഭ്യന്തര സെക്രട്ടറിയും സ്ഥലത്തെത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ജിതേന്ദ്ര സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ കൊടിക്കുന്നില്‍ സുരേഷ് എം പിയെ ഹരിയാന അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് വിവരം പുറത്തുവരുന്നുണ്ട്. അന്യായമായാണ് തന്നെ തടഞ്ഞുവച്ചിരിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് ടെലിഫോണിലൂടെ മാധ്യമങ്ങളോട് പറഞ്ഞു.
