ട്രംപിന്റെ തീരുവ ഭീഷണി; അമേരിക്കന്‍ മദ്യത്തിന് കാനഡയില്‍ വിലക്ക് തുടരണമോയെന്ന് പ്രവിശ്യാ യോഗത്തില്‍ ചര്‍ച്ച

ട്രംപിന്റെ തീരുവ ഭീഷണി; അമേരിക്കന്‍ മദ്യത്തിന് കാനഡയില്‍ വിലക്ക് തുടരണമോയെന്ന് പ്രവിശ്യാ യോഗത്തില്‍ ചര്‍ച്ച


ഷാര്‍ലറ്റ്ടൗണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയ്ക്കെതിരായ വ്യാപാരയുദ്ധം കൂടുതല്‍ ശക്തമാക്കി പുതിയ 50 ശതമാനം തീരുവ പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരണമോ എന്ന വിഷയം കാനഡയിലെ പ്രവിശ്യാ മേധാവികളുടെ വാര്‍ഷിക സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി.

പ്രിന്‍സ് എഡ്വേഡ് ദ്വീപിലെ (പി ഇ ഐ) ഷാര്‍ലറ്റ്ടൗണില്‍ നടക്കുന്ന സമ്മേളനത്തിനിടെയാണ് വൈറ്റ് ഹൗസ് പുതിയ തീരുവ പ്രഖ്യാപിച്ചത്. അമേരിക്കയുടെ വ്യാപാര നയങ്ങള്‍ക്കെതിരായ കാനഡയുടെ നടപടികളും അമേരിക്കന്‍ വാഹനങ്ങള്‍, പാലുത്പന്നങ്ങള്‍, മദ്യം എന്നിവയ്ക്കെതിരായ വിവേചനപരമായ നയങ്ങളുമാണ് പുതിയ നടപടിക്ക് കാരണമെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആല്‍ബര്‍ട്ടയും സസ്‌കാഷെവാനും ഒഴികെയുള്ള എല്ലാ കനേഡിയന്‍ പ്രവിശ്യകളും ട്രംപ് നേരത്തെ ഏര്‍പ്പെടുത്തിയ വാഹന, സ്റ്റീല്‍, അലുമിനിയം തീരുവകള്‍ക്ക് മറുപടിയായി അമേരിക്കന്‍ മദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവെച്ചിരുന്നു.

ഈ വിലക്ക് കാനഡ- അമേരിക്ക വ്യാപാര ചര്‍ച്ചകളിലെ സമ്മര്‍ദ്ദതന്ത്രമായി കണക്കാക്കപ്പെടുന്നു. ഇതുമൂലം അമേരിക്കയില്‍ നിന്നുള്ള വൈന്‍, ബിയര്‍, സ്പിരിറ്റ്‌സ് എന്നിവയുടെ കാനഡയിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞത് ട്രംപ് ഭരണകൂടത്തിന് അസ്വസ്ഥത സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സസ്‌കാഷെവാന്‍ പ്രീമിയര്‍ സ്‌കോട്ട് മോയുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മദ്യവിലക്ക് പിന്‍വലിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രവിശ്യകളോട് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

ഓരോ പ്രവിശ്യയും സ്വന്തം നിലപാട് തീരുമാനിക്കണമെന്നും ചര്‍ച്ചാ മേശയില്‍ ഇരിക്കുന്നത് ഫെഡറല്‍ സര്‍ക്കാരായതിനാല്‍ അവര്‍ക്ക് അത്തരമൊരു അഭ്യര്‍ഥന നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി അമേരിക്കന്‍ മദ്യം വീണ്ടും കടകളിലെത്തിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി.

ഭീഷണിപ്പെടുത്തുന്ന ഒരു വ്യക്തിയെ കൂടുതല്‍ ശക്തനാക്കാനുള്ള ഏറ്റവും എളുപ്പവഴി കീഴടങ്ങുകയാണെന്നും ട്രംപിനെ കൂടുതല്‍ ശക്തനാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷിക വെബ്‌സൈറ്റില്‍ നിന്ന് കാനഡ- അമേരിക്ക സൗഹൃദത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരിന്റെ സന്ദേശം നീക്കം ചെയ്യാന്‍ അമേരിക്കന്‍ എംബസിയുമായി ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് ആവര്‍ത്തിച്ചു.

ഒന്റാറിയോയെ സംരക്ഷിക്കുന്നതില്‍ നിന്ന് താന്‍ ഒരിക്കലും പിന്മാറില്ലെന്നും ഈ തീരുവകള്‍ നടപ്പായാല്‍ കാനഡയും അതേ രീതിയില്‍, ഡോളറിന് ഡോളര്‍ എന്ന നിലയില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

ലോകത്തിലെ ഏറ്റവും വലിയ മദ്യവില്‍പ്പന ശൃംഖലകളിലൊന്നായ ലിക്കര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാറിയോയുടെ നിയന്ത്രണം ഈ പ്രവിശ്യയ്ക്കാണ്.

ഓഗസ്റ്റ് 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ 50 ശതമാനം തീരുവ വൈന്‍, ഹോക്കി സ്റ്റിക്കുകള്‍, സിമന്റ് തുടങ്ങി വിവിധ കാനഡന്‍ ഉത്പന്നങ്ങള്‍ക്ക് ബാധകമാകും.

അതേസമയം ഊര്‍ജം, പൊട്ടാഷ്, നിര്‍ണായക ധാതുക്കള്‍, മത്സ്യ ഉത്പന്നങ്ങള്‍ എന്നിവയെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കാനഡ- അമേരിക്ക- മെക്‌സിക്കോ വ്യാപാര കരാര്‍ പ്രകാരം ഇതുവരെ തീരുവയില്ലാതെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്ന മറ്റു പല ഉത്പന്നങ്ങള്‍ക്കും ഇനി പുതിയ തീരുവ ബാധകമാകും.

വ്യാപാര തര്‍ക്കം പ്രധാന ചര്‍ച്ചാ വിഷയമായെങ്കിലും ആരോഗ്യരംഗത്തേക്കുള്ള ഫെഡറല്‍ ധനസഹായം, ഊര്‍ജ വികസനം, സാമ്പത്തിക വളര്‍ച്ച, വടക്കന്‍ ഒന്റാറിയോയിലെ കാട്ടുതീ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

2028 മുതല്‍ ആരോഗ്യ കൈമാറ്റ ഫണ്ടിന്റെ വാര്‍ഷിക വര്‍ധന അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കി കുറയ്ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഫെഡറല്‍ ധനസഹായം വേണമെന്ന് പ്രവിശ്യകള്‍ ആവശ്യപ്പെടുന്നുണ്ട്.

സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തിന്റെ ഐക്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും വീണ്ടും ചര്‍ച്ചയാകുന്നുണ്ട്.

ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് ഒക്ടോബറില്‍ നടത്തുന്ന ജനഹിതപരിശോധനയില്‍ ആല്‍ബര്‍ട്ട കാനഡയില്‍ തുടരണോ എന്ന ചോദ്യവും ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ക്യൂബെക്കിന്റെ സ്വാതന്ത്ര്യവാദവും വീണ്ടും സജീവമായിട്ടുണ്ട്. അടുത്ത പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ക്യൂബെക്ക് വേര്‍പിരിയുന്നതിനെക്കുറിച്ച് ജനഹിതപരിശോധന നടത്തുമെന്ന് പാര്‍ട്ടി ക്യൂബെകോ നേതാവ് പോള്‍ സെന്റ്-പിയര്‍ പ്ലാമോണ്ടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂ ബ്രണ്‍സ്വിക് പ്രീമിയര്‍ സൂസന്‍ ഹോള്‍ട്ട്, ഇത്തരം വിഷയങ്ങള്‍ ഔദ്യോഗിക അജണ്ടയില്‍ ഇല്ലെങ്കിലും പ്രവിശ്യാ മേധാവികള്‍ തമ്മിലുള്ള അനൗപചാരിക ചര്‍ച്ചകളില്‍ അവ ഉയര്‍ന്നുവരുന്നുണ്ടെന്ന് വ്യക്തമാക്കി. കാനഡയുടെ ഐക്യം ശക്തിപ്പെടുത്താന്‍ ന്യൂ ബ്രണ്‍സ്വിക് പ്രതിബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.