ജീവിതച്ചെലവ് കുറയ്ക്കാന്‍ വൈദ്യുതി ബില്ലിലെ വാറ്റ് ഒഴിവാക്കി ബ്രിട്ടന്‍; പുതിയ പ്രധാനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം

ജീവിതച്ചെലവ് കുറയ്ക്കാന്‍ വൈദ്യുതി ബില്ലിലെ വാറ്റ് ഒഴിവാക്കി ബ്രിട്ടന്‍; പുതിയ പ്രധാനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം


ലണ്ടന്‍: ജീവിതച്ചെലവിന്റെ ഭാരം കുറയ്ക്കുന്നതിന് ഗാര്‍ഹിക വൈദ്യുതി ബില്ലുകളില്‍ നിന്നുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) ഒഴിവാക്കുമെന്ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ വൈദ്യുതി ബില്ലുകളിലെ വാറ്റ് പൂര്‍ണമായും ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതുമൂലം നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് ഏകദേശം 85 കോടി പൗണ്ട് വരുമാനനഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഊര്‍ജ ബില്ലുകളിലെ നികുതി കുറച്ച് ജനങ്ങളുടെ കൈകളില്‍ കൂടുതല്‍ പണം എത്തിക്കാനും പ്രതീക്ഷ തിരിച്ചുകൊണ്ടുവരാനുമുള്ള അടിയന്തര നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബേണ്‍ഹാം പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, ഈ തീരുമാനം ഒരു ശരാശരി കുടുംബത്തിന് പ്രതിവര്‍ഷം ഏകദേശം 45 പൗണ്ട് ലാഭിക്കാന്‍ സഹായിക്കും. വരുമാനത്തിന്റെ വലിയൊരു വിഹിതം വൈദ്യുതി, ഊര്‍ജ ബില്ലുകള്‍ക്കായി ചെലവഴിക്കുന്ന കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുക.

ഒക്ടോബറില്‍ വൈദ്യുതിയുടെയും ഗ്യാസിന്റെയും പരമാവധി നിരക്ക് ഉയര്‍ത്തുമെന്ന് ബ്രിട്ടനിലെ ഊര്‍ജ നിയന്ത്രണ അതോറിറ്റി നേരത്തേ സൂചിപ്പിച്ചിരുന്നു. അമേരിക്ക- ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജവില വര്‍ധിക്കുമെന്ന വിലയിരുത്തലുമായി ബന്ധപ്പെട്ടാണ് ഈ നികുതിയിളവ് പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മുന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നിര്‍ദേശിച്ചിരുന്ന ഡിജിറ്റല്‍ ഐ ഡി പദ്ധതി റദ്ദാക്കിയാണ് വൈദ്യുതി ബില്ലിലെ നികുതിയിളവിന് ആവശ്യമായ തുക കണ്ടെത്തുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നികുതിദായകര്‍ക്ക് ഏകദേശം 180 കോടി പൗണ്ട് ചെലവ് വരുത്തുന്നതായിരുന്നു ഈ പദ്ധതി.

മു്ന്‍ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് നികുതി വര്‍ധന നേരിട്ട ചെറുകിട സംരംഭകര്‍ക്ക് ആശ്വാസം നല്‍കുമെന്നും ബേണ്‍ഹാം വാഗ്ദാനം ചെയ്തു. അതേസമയം, പൊതുചെലവും നികുതി വരുമാനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് കര്‍ശനമായ ധനകാര്യ അച്ചടക്കം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജൂണില്‍ ബ്രിട്ടന്റെ സര്‍ക്കാര്‍ വായ്പ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രതീക്ഷിച്ചതിലും കൂടുതല്‍ കുറഞ്ഞു. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ഒ എന്‍ എസ്) പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, ജൂണിലെ പൊതുമേഖലയുടെ വായ്പ 1600 കോടി പൗണ്ട് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇത് ഏകദേശം മൂന്നിലൊന്നോളം കുറവാണിത്.

അതേസമയം, മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തൊഴില്‍വിപണിയും സമ്മര്‍ദത്തിലാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂണില്‍ തൊഴില്‍ ഒഴിവുകളുടെ എണ്ണം 7.12 ലക്ഷം ആയി കുറഞ്ഞു. 2022-ല്‍ രേഖപ്പെടുത്തിയ തോതിന്റെ ഏകദേശം പകുതിയാണിത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തൊഴിലുടമകള്‍ പുതിയ നിയമനങ്ങള്‍ കുറച്ചതായും ഒ എന്‍ എസ് അറിയിച്ചു.

മെയ് മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തില്‍ തന്നെ തുടരുകയും ഏപ്രിലിലെ നിലവാരത്തില്‍ മാറ്റമുണ്ടാകാതിരിക്കുകയും ചെയ്തു.

സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുകയും തൊഴില്‍ വിപണി ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നത് പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.