ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. ബി ജെ പി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബി ജെ പി പാര്‍ലമെന്ററി യോഗത്തിലാണ് രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.
നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ സി പി രാധാകൃഷ്ണന്‍ തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി നേതാവാണ്. 2004 മുതല്‍ 2007 വരെ ബി ജെ പിയുടെ തമിഴ്നാട് അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുപ്പൂര്‍ സ്വദേശിയായ അദ്ദേഹം രണ്ട് തവണ കോയമ്പത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് എം പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജാര്‍ഖണ്ഡ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം കേരളത്തിന്റെ പ്രഭാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പല പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും സി പി രാധാകൃഷ്ണന് അവസരം നല്‍കാനാണ് ബി ജെ പി പാര്‍ലമെന്റെറി പാര്‍ട്ടി യോഗം തീരുമാനം എടുത്തത്.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കന്‍മാര്‍ക്ക് ഭരണതലത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബി ജെ പി ലക്ഷ്യമിടുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി നേതാവ് വെങ്കയ്യ നായിഡു കഴിഞ്ഞ മോഡി സര്‍ക്കാരിന്റെ കാലത്ത് ഉപരാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചിരുന്നു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ധന്‍കറിന്റെ രാജി. രാവിലെ രാജ്യസഭ നിയന്ത്രിച്ചും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തും കര്‍മനിരതനായിരുന്ന ധന്‍കര്‍ അന്ന് വൈകിട്ട് രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കാലാവധി പൂര്‍ത്തിയാക്കും മുന്‍പേയുള്ള ധന്‍കറിന്റെ രാജി. ജൂലൈ 21-നാണ് അദ്ദേഹം രാജിവെച്ചത്.
ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിങ്കളാഴ്ച നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
