ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു, വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലില്‍ പോയ ആദ്യ ജഡ്‌ജി

ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു, വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലില്‍ പോയ ആദ്യ ജഡ്‌ജി


ചെന്നൈ: ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് സി എസ് കർണൻ. കോടതിയലക്ഷ്യക്കേസിൽ 6 മാസം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് ജസ്റ്റിസ് കർണൻ. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയും ചികിത്സയോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

1955 ജൂൺ 12ന് തമിഴ്നാട്ടിലെ കൂഡല്ലൂരിലെ കർനാതത്തിലാണ് ജസ്റ്റിസ് സി എസ് കർണന്റെ ജനനം. 1955-ൽ തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലുള്ള കർണത്തം ഗ്രാമത്തിൽ സ്വാമിനാഥന്‍റെയും കമലത്തിന്‍റെയും എട്ട് മക്കളിൽ രണ്ടാമനായാണ് അദ്ദേഹം ജനിച്ചത്. കരുണാനിധി എന്നായിരുന്നു ആദ്യപേര്. പിന്നീട് 1991-ൽ ഭാര്യ സരസ്വതിയുടെ അഭ്യർത്ഥനപ്രകാരം പേര് കർണൻ എന്നാക്കി മാറ്റുകയായിരുന്നു. 1983-ൽ മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. തുടർന്ന് 2009 മാർച്ചിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2011 മാർച്ചിൽ സ്ഥിരം ജഡ്ജിയായി. 2017 ജൂണ്‍ 12നാണ് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. 

ഇന്ത്യന്‍ നീതിന്യായസംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിയ്‌ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്‍ണന്‍. സഹപ്രവർത്തകരായ ജഡ്ജിമാരുമായും സുപ്രീം കോടതിയുമായും നിരന്തരം ഏറ്റുമുട്ടിയ വിവാദങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതം. മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ സഹപ്രവർത്തകർക്കെതിരെ ജാതിവിവേചനവും അഴിമതിയും ആരോപിച്ച് അദ്ദേഹം നിരവധി തവണ രംഗത്തെത്തി. ദളിതനായതിന്‍റെ പേരിൽ സഹപ്രവർത്തകർ തന്നെ പീഡിപ്പിക്കുകയാണെന്ന് 2011 നവംബറിൽ അദ്ദേഹം ആരോപിച്ചു. അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനെതിരെയും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചു. 2014-ൽ കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിമുറിയിലേക്ക് കയറിച്ചെന്ന് ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്ത പേരുകളെ പരസ്യമായി എതിർത്തതും വലിയ വാർത്തയായിരുന്നു.

2016-ൽ അദ്ദേഹത്തെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. എന്നാൽ, തന്നെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സ്വയം സ്റ്റേ ചെയ്തുകൊണ്ട് അദ്ദേഹം വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി. 2017 ജനുവരിയിൽ സിറ്റിംഗ് ജഡ്ജിമാരും വിരമിച്ച ജഡ്ജിമാരും ഉൾപ്പെടെ നിരവധി പേർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ സുപ്രീം കോടതിയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. ഇതേത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. വിചാരണയ്ക്കിടെ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ തടവുശിക്ഷയും പിഴയും വിധിച്ചുകൊണ്ട് കർണൻ ഉത്തരവുകൾ പുറപ്പെടുവിച്ചത് രാജ്യത്തെ നീതിന്യായ ചരിത്രത്തിലെ അസാധാരണ സംഭവമായി.

ഒടുവിൽ 2017 മെയ് 9-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് കർണൻ കോടതിയലക്ഷ്യം നടത്തിയതായി കണ്ടെത്തുകയും ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതോടെ കോടതിയലക്ഷ്യത്തിന് തടവുശിക്ഷ ലഭിക്കുന്ന ആദ്യ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം മാറി. ഉത്തരവിന് പിന്നാലെ ഒളിവിൽ പോയ അദ്ദേഹം 2017 ജൂൺ 12-ന് സർവീസിൽ നിന്ന് വിരമിച്ചു. തുടർന്ന് അതേ മാസം അവസാനം കോയമ്പത്തൂരിൽ വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആറ് മാസത്തെ ജയിൽവാസം പൂർത്തിയാക്കി 2017 ഡിസംബറിലാണ് അദ്ദേഹം പുറത്തിറങ്ങിയത്.

ജയിൽ മോചിതനായ ശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായി തുടർന്നു. 2018 മെയ് മാസത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2020 ഡിസംബറിൽ ജഡ്ജിമാർക്കും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോകൾ പ്രചരിപ്പിച്ചതിന് ചെന്നൈ പൊലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയിൽ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയെങ്കിലും മാർച്ചിൽ ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഭരണഘടനാ സ്ഥാപനങ്ങൾക്കും ജുഡീഷ്യറിക്കുമെതിരെ പൊതുപ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് കർണനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് 2011-ൽ സമർപ്പിച്ച ഒരു ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി 2024 ഡിസംബറിൽ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.