ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശബന്ധങ്ങളടക്കമുള്ള നിർണായക തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും, അതറിഞ്ഞാണ് മോഡി താനുമായുള്ള പൊതുസംവാദത്തിന് തയ്യാറാകാത്തതെന്നും അദ്ദേഹം ആരോപിച്ചു.വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ആകസ്‌മിക തത്സമയ സംവാദത്തിനിടെയാണ് രാഹുലിന്റെ ആരോപണം.
“തെളിവ് ഇവിടെയുണ്ട്; അത് ഈ ഫോണിലുണ്ട്. പ്രധാനമന്ത്രിക്ക് അതറിയാം, കാരണം അദ്ദേഹം എന്റെ ഫോൺ ചോർത്തുന്നുണ്ട്. അദ്ദേഹം നേരിട്ടൊരു സംവാദത്തിന് വരുന്ന നിമിഷം, ആരാണ് വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണ് യഥാർത്ഥ ദേശവിരുദ്ധനെന്നും എന്നുമുതലാണ് അദ്ദേഹം ആ നിലപാടിലെത്തിയതെന്നും വ്യക്തമാകും. എന്റെ ഫോണിലുള്ള മറ്റ് നിരവധി വിവരങ്ങളും അപ്പോൾ എല്ലാവരും അറിയും.”
സ്വന്തം അനുകൂല മാധ്യമങ്ങളുടെ ദീപാവലി പരിപാടിയിൽ പോലും പ്രസംഗിക്കാൻ നരേന്ദ്ര മോഡിക്ക് ടെലിപ്രോംപ്റ്ററിന്റെ സഹായം വേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. വേദിയും സാഹചര്യവും പൂർണ്ണമായും അനുകൂലമായിരുന്നിട്ടും സ്ക്രിപ്റ്റിന്റെ സഹായം തേടേണ്ടിവന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നത്. തന്നോടുള്ള സംവാദത്തിന് മോഡിക്ക് സ്വന്തം ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള ജഡ്ജിയെയും ഒപ്പം കൂട്ടാമെന്നും, എങ്കിലും സംവാദത്തിന് അദ്ദേഹം തയ്യാറാകണമെന്നും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു.
പ്രധാനമന്ത്രി താനുമായി നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിക്കുമെന്നും അത് അദ്ദേഹത്തിനും തനിക്കും അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമീപകാലത്തായി പ്രധാനമന്ത്രി തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും വളരെ ജാഗ്രതയോടെ വിട്ടുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ ഭയം മൂലമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്നെ 'രാജ്യദ്രോഹി' എന്ന് പ്രധാനമന്ത്രി നിരന്തരം വിളിക്കുന്നു. രാജ്യത്തെ യഥാര്‍ഥ രാജ്യദ്രോഹി ആരാണെന്ന് ജനങ്ങള്‍ അറിയണം. ആര്, ആരെ, എന്നുമുതലാണ് നിയന്ത്രിക്കുന്നതെന്നും ജനങ്ങള്‍ അറിയണം. തന്റെ ഫോണില്‍ അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ ഫോണ്‍ ചോര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണമാണെന്നും രാഹുല്‍ പറഞ്ഞു.
കര്‍ഷക നിയമങ്ങള്‍, വോട്ട് മോഷണ ആരോപണം, ചൈനീസ് അതിര്‍ത്തിയിലെ സാഹചര്യം, മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുസ്തകം, അദാനി വിഷയം, അമേരിക്കയുമായുള്ള വ്യാപാര കരാര്‍, ജെഫ്രി എപ്സ്റ്റൈന്‍ വിവാദം തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം നിഷേധിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങളുടെ മൈക്കുകള്‍ ഓഫ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. നീണ്ട പ്രസംഗങ്ങള്‍ക്കു പകരം പ്രധാനമന്ത്രിയുമായി നേരിട്ടുള്ള സംവാദമാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.
അതേസമയം, രാഹുലിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവും സംവാദ വെല്ലുവിളിയും ബിജെപി തള്ളി. രാഹുല്‍ ഗാന്ധി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള വേദി പാര്‍ലമെന്റാണെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിര്‍മല സീതാരാമനും ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; തെളിവുകൾ കൈവശമുണ്ട്: തുറന്നടിച്ച് രാഹുൽ ഗാന്ധി, നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് വെല്ലുവിളി
