ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ എക്‌സിന് നോട്ടീസ്

ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ എക്‌സിന് നോട്ടീസ്


ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സിന് റെയില്‍വേ മന്ത്രാലയം നോട്ടീസയച്ചു. അപകടത്തിന്റെ ദൃശ്യങ്ങളടങ്ങിയ 285 ലിങ്കുകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 

ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്നതിലെ ധാര്‍മിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഫെബ്രുവരി 17നാണ് റെയില്‍വേ ഇത് സംമബന്ധിച്ച നോട്ടീസയച്ചത്. ഇത്തരത്തിലുള്ള വീഡിയോകള്‍ റെയില്‍വേയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ഫെബ്രുവരി 15ന് രാത്രിയാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടമുണ്ടായത്. കുംഭമേളയില്‍ പങ്കെടുക്കാനായി നിരവധി പേര്‍ എത്തിയതോടെ തിരക്ക് നിയന്ത്രാതീതമാവുകയായിരുന്നു. 18 പേരാണ് അപകടത്തില്‍ മരിച്ചത്. പ്ലാറ്റ്‌ഫോം മാറ്റി ട്രെയിന്‍ നിര്‍ത്തിയതാണ് അപകടത്തിന് കാരണമായത്.