ധന്‍കറിന്റെ രാജിക്കു കാരണം കേന്ദ്രവുമായുള്ള അഭിപ്രായ വ്യത്യാസം

ധന്‍കറിന്റെ രാജിക്കു കാരണം കേന്ദ്രവുമായുള്ള അഭിപ്രായ വ്യത്യാസം


ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധത്തിലെ വിള്ളലെന്ന് റിപ്പോര്‍ട്ട്. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച ഉച്ചവരെ സഭയിലുണ്ടായിരുന്ന ധന്‍കര്‍ തുടര്‍ന്നുള്ള ഏതാനും മണിക്കൂറുകളുടെ ഇടവേളയിലാണ് രാജിക്കു തീരുമാനിച്ചിരിക്കുന്നത്. 

ധന്‍കറിന്റെ രാജി സര്‍ക്കാരും ആഗ്രഹിച്ചിരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. രാജി പ്രഖ്യാപിച്ചപ്പോള്‍ നിശബ്ദനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി 13 മണിക്കൂറുകള്‍ക്കുശേഷം നടത്തിയ തണുത്ത പ്രതികരണം ഇതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. 

ഉപരാഷ്ട്രപതിയുടെ രാജിയെ തുടര്‍ന്ന് എന്‍ ഡി എ പക്ഷത്തു നിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ധന്‍കര്‍ ഭരണപക്ഷത്തോടു പക്ഷപാതിത്വം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് രാജ്യസഭാധ്യക്ഷനെതിരേ പ്രമേയം കൊണ്ടുവരാന്‍ നടത്തിയ പ്രതിപക്ഷമാണ് അദ്ദേഹത്തെ പിന്തുണക്കാന്‍ രംഗത്തെത്തിയത്. 

അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയമാണ് സര്‍ക്കാരും ധന്‍കറുമായുള്ള ബന്ധം വഷളാക്കിയതെന്നാണ് പറയപ്പെടുന്നത്. 

മുതിര്‍ന്ന മന്ത്രിമാര്‍ നേരിട്ട് ധന്‍കറെ വിളിച്ച് വിയോജിപ്പ് അറിയിച്ചെന്നു റിപ്പോര്‍ട്ടുണ്ട്.

2019ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറാകുന്നതിന് മുമ്പ് മുതിര്‍ന്ന അഭിഭാഷകനായിരുന്നു ധന്‍കര്‍. ജസ്റ്റിസ് വര്‍മയുള്‍പ്പെട്ട വിവാദത്തില്‍ ജുഡീഷ്യറിക്കെതിരേ പരസ്യമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ഇംപീച്ച്‌മെന്റ് പ്രമേയം ലോക്‌സഭയില്‍ ആദ്യം അവതരിപ്പിക്കുമെന്ന ഘട്ടത്തിലേക്കു കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ താന്‍ അവഗണിക്കപ്പെട്ടതായി ധന്‍കറിനു തോന്നിയിരിക്കാമെന്നു നിരീക്ഷകര്‍ പറയുന്നു.

ഭിന്നത നിലനില്‍ക്കുന്നതിനിടെ വൈകിട്ട് നാലരയ്ക്ക് ചേര്‍ന്ന രാജ്യസഭാ കാര്യോപദേശക സമിതിയില്‍ നിന്ന് മന്ത്രിമാരായ ജെ പി നഡ്ഡയും കിരണ്‍ റിജിജുവും വിട്ടുനിന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഉച്ചയ്ക്കു ചേര്‍ന്ന യോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, അന്തിമ അജന്‍ഡ തീരുമാനിക്കാന്‍ വൈകിട്ടു ചേര്‍ന്ന യോഗത്തില്‍ എല്‍ മുരുകനാണു സര്‍ക്കാരിനെ പ്രതിനിധാനം ചെയ്തു പങ്കെടുത്തത്. മുതിര്‍ന്ന നേതാക്കളില്ലാത്തതിനാല്‍ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. തന്നെ അപമാനിച്ചതായി തോന്നിയ ധന്‍കര്‍ രാജിക്കു തീരുമാനിച്ചെന്നും സര്‍ക്കാര്‍ മൗനസമ്മതം അറിയിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

എന്നാല്‍, താന്‍ ചില ഔദ്യോഗിക തിരക്കുകളായിരുന്നെന്നും ഇക്കാര്യം രാജ്യസഭാ ചെയര്‍മാന്റെ ഓഫിസിനെ അറിയിച്ചിരുന്നെന്നും നഡ്ഡ പറയുന്നു. അതേസമയം, ഉച്ചയ്ക്ക് ഒന്നരയ്ക്കും നാലരയ്ക്കും ഇടയില്‍ ഗൗരവമുള്ള എന്തോ സംഭവിച്ചെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയ്‌റാം രമേഷ് ആരോപിച്ചു.