വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിൽ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യു.എസ്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കനത്ത തീരുവ ചുമത്തുമെന്ന് യു.എസ് സെനറ്റർ ലിൻഡെസെ ഗ്രാഹാം പറഞ്ഞു. ഫോക്‌സ് ന്യൂസുമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്താൻ ഒരുങ്ങുകയാണ്. ഈ രാജ്യങ്ങൾ 80 ശതമാനം എണ്ണയും റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. ഇത് പുടിന് ഗുണകരമാവുകയാണ്. അതിനാൽ ഈ രാജ്യങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്താൻ ട്രംപ് ഒരുങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ ചൈനക്കും ഇന്ത്യക്കും ബ്രസീലിനുമെല്ലാം അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ വ്യാപാരം നടത്താം അല്ലെങ്കിൽ പുടിനെ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ അധിനിവേശം നടത്തി പഴയ സോവിയറ്റ് യൂണിയനാകാനാണ് പുടിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരമാധികാരം സംരക്ഷിക്കുമെന്ന ഉറപ്പിൻമേൽ 1700 കിലോ ആണവായുധങ്ങളാണ് യുക്രെയ്ൻ റഷ്യക്ക് കൈമാറിയത്. എന്നാൽ, ഈ ഉറപ്പ് പുടിൻ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ആരെങ്കിലും ഇടപ്പെട്ട് നിർത്തിക്കാതെ പുടിൻ യുക്രെയ്ൻ യുദ്ധം സ്വയം അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
